തിരുവനന്തപുരം: സംവേദന ക്ഷമത വാക്കുകളിലല്ല, പ്രവർത്തിയിലാണ് വേണ്ടതെന്നും എഴുത്തിൽ രാഷ്ട്രീയ കൃത്യതയെക്കാളുപരി സംവേദനക്ഷമതയാണ് ആവശ്യമെന്നും എഴുത്തുകാരി അനിത നായർ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച ‘മീറ്റ് ദി ഓതർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
കൈകസി വി.എസുമായുള്ള സംഭാഷണത്തിൽ ‘ബൈ ബുക്ക്സ്, ഓഫ് ബുക്ക്സ്, ഫോർ ബുക്ക്സ്’ എന്ന വിഷയത്തിൽ തന്റെ പുസ്തകങ്ങളെപ്പറ്റിയും എഴുത്തിനെപ്പറ്റിയും അനിത നായർ സംസാരിച്ചു.
സമൂഹത്തിൻ്റെ തോൽവിയാണ് ഒരു കുറ്റകൃത്യം നടക്കാൻ കാരണം. അപ്പോൾ സമൂഹത്തിൻ്റെ അത്തരം പ്രശ്നങ്ങൾ പറയാൻ ക്രൈം നോവൽ എഴുതാം. അതേസമയം കുട്ടികളുടെ സാഹിത്യം എഴുതുമ്പോൾ വളരെയധികം സൂക്ഷിക്കണമെന്നും കുട്ടികളുടെ മനസ് മനസിലാക്കി എഴുത്തുകാരിൽ കുട്ടിത്തം വരണമെന്നും അനിത നായർ പറഞ്ഞു. കുട്ടികൾക്ക് എഴുതുന്ന കഥകളിൽ ചില ഗൗരവമുള്ള വിഷയങ്ങൾ കൊണ്ടുവരാൻ നോക്കാറുണ്ട്. വിവിധ തരത്തിലുള്ള വ്യക്തികളുള്ള ഒരു സമൂഹം എങ്ങനെയാണ് ജീവിക്കുക എന്ന ഉപദേശം കഥകളിൽ ഉൾപ്പെടുത്താറുണ്ട്. മുസ്ലിം വിരുദ്ധത, സെറിബ്രൽ പാൾസി തുടങ്ങിയ വിഷയങ്ങൾ ‘ബീപാത്തു ആൻഡ് എ വെരി ബിഗ് ഡ്രീം’ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
ആരാധനാലയങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട സംസ്കാരത്തെ കുറിച്ചും കുട്ടികളുടെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അനിത നായർ വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളിലെ പള്ളികൾ എല്ലാ മതസ്ഥർക്കും കേറി കാണാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ കേരളത്തിലെ അമ്പലങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലായെന്ന് വളരെ വ്യക്തമായി എഴുതി വയ്ക്കുന്നു. അതൊക്കെ എത്രത്തോളം ശരിയാണെന്ന് തനിക്കറിയില്ലെന്നും താല്പര്യം കൊണ്ടാണ് ഏതൊരു ആരാധനാലയത്തിലേക്കും ഒരാൾ കടന്നു ചെല്ലുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
ജീവശാസ്ത്രപരമായ ആണ് പെൺ പ്രത്യേകതകൾ ഒരാളെ താഴ്ത്തികെട്ടാനുള്ള കാരണങ്ങളല്ലെന്നും അനിത നായർ ഓർമപ്പെടുത്തി.
ആണും പെണ്ണും ഒരു പോലെയാണെങ്കിലും അവരിൽ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങൾക്ക് വ്യത്യാസം ഉണ്ടാകണം. ആണും പെണ്ണും ചിന്തിക്കുന്നത് ഒരുപോലെയല്ലെന്നും അനിതാ നായർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















