തിരുവനന്തപുരം: യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരമായി കോഴിക്കോട് മാറിയത് അഭിമാനകരമായ നേട്ടമാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കോഴിക്കോടിന്റെ സമ്പന്നവും അതുല്യവുമായ സാംസ്കാരിക സംഭാവനകള്‍ക്ക് അർഹിക്കുന്ന അംഗീകാരം തന്നെയാണ് ലഭിച്ചത്. ഈ ആഗോള അംഗീകാരത്തിലേക്ക് കോഴിക്കോടിനെ നയിച്ച കോർപറേഷൻ ഭരണ സമിതിയേയും എല്ലാ കോഴിക്കോട്ടുകാരെയും ഹൃദയപൂർവം അഭിനന്ദിക്കുന്നു. പ്രവർത്തനത്തിന് എല്ലാ പിന്തുണയും നൽകിയ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) പ്രത്യേകം അഭിനന്ദനങ്ങള്‍. കോഴിക്കോടിന് മാത്രമല്ല, കേരളത്തിനാകെയും അഭിമാനിക്കാനുതകുന്ന ഒരു നേട്ടമാണിതെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ സാംസ്കാരിക-സാഹിത്യ മേഖലയ്ക്ക് കോഴിക്കോടിനോളം സംഭാവന ചെയ്ത മറ്റൊരു പ്രദേശമില്ല എന്നത് നിസ്തർക്കമായ വസ്തുതയാണ്. ഉജ്വലമായ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാനും കൂടുതൽ കരുത്തോടെ മുന്നോട്ടുനയിക്കാനും ഇന്നും കോഴിക്കോട്ടുകാർ ശ്രദ്ധിക്കുന്നു. തലമുറകള്‍ക്ക് ലോകം നൽകിയ ആദരമായാണ് സാഹിത്യ നഗര പദവി കോഴിക്കോടേക്ക് എത്തുന്നത്.
കിലയുടെ പിന്തുണയോടെ കോഴിക്കോട് കോർപറേഷൻ കൃത്യതയോടെയും ചിട്ടയായും നടത്തിയ ശ്രമങ്ങളുടെയും ഇടപെടലുകളുടെയും ഫലമാണ് ഈ അംഗീകാരം. ലോകത്തെ ഏത് നാടിനെയും വെല്ലുന്ന നമ്മുടെ മഹാപൈതൃകത്തെ ആഗോള നിലവാരത്തിൽ ആധുനികമായി രേഖപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്യാൻ ഈ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു. മുൻപ് ഈ നേട്ടം കൈവരിച്ച പ്രാഗ്, കാർക്കോവ്, എഡിൻബർഗ് ഉള്‍പ്പെടെയുള്ള ആഗോള നഗരങ്ങളുമായി നിരന്തരം ബന്ധം പുലർത്തുകയും സജീവമായ ആശയക്കൈമാറ്റം നടത്തുകയും ചെയ്തത് ഏറെ സഹായകരമായി. കോഴിക്കോടിന്റെ കലാ-സാഹിത്യ-സാംസ്കാരിക സവിശേഷതകളാകെ കൃത്യമായി ശേഖരിച്ച് ഡോക്യുമെന്റ് ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് സാഹിത്യ തട്ടകമാക്കി കോഴിക്കോടിനെ മാറ്റാൻ കോർപറേഷൻ നടത്തിയ നിരന്തര പരിശ്രമങ്ങളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോടിന്റെ ഈ നേട്ടം കേരളത്തിനാകെ ആവേശവും അഭിമാനവുമാണ്. കോഴിക്കോടുകാരുടെ സന്തോഷത്തിലും ആഘോഷത്തിലും പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















