വാഷിങ്ടൺ: ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ തടയുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് യു.എൻ ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു. യു.എൻ മനുഷ്യാവകാശ ഓഫീസിന്റെ ഡയറക്ടർ ക്രെയ്ഗ് മോക്ഹിബാറാണ് രാജിവെച്ചത്. സ്വന്തം ജോലി ചെയ്യുന്നതിന് പകരം യുണൈറ്റഡ് നേഷൻസ് അധികാരം യു.എസിനും ഇസ്രായേൽ ലോബിക്കും അടിയറവെക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനിൽ യുറോപ്യൻ രാജ്യങ്ങളുടെ കൊളോണിയൽ പദ്ധതി അതിന്റെ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഒരിക്കൽ കൂടി നമ്മൾ കണ്ണുകൾ കൊണ്ട് വംശഹത്യ കാണുകയാണ്. എന്നാൽ, നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനം അത് തടയുന്നതിന് അധികാരമില്ലാത്തവരായി മാറിയെന്ന് അദ്ദേഹം മനുഷ്യാവകാശങ്ങൾക്കുള്ള യു.എൻ ഹൈകമീഷണർക്ക് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി.
യു.എസ്, യു.കെ സർക്കാറുകൾക്ക് പുറമേ യുറോപ്പിലെ ഭൂരിപക്ഷം സർക്കാറുകളും ഗസ്സയിലെ ഭയാനകമായ ഇസ്രായേൽ ആക്രമണങ്ങളിൽ പങ്കാളികളാണ്. അത് അവരുടെ അന്താരാഷ്ട്ര ബാധ്യതകൾ നിറവേറ്റുന്നതിലെ കേവലമായ പരാജയത്തിലൂടെ മാത്രമല്ല,ആക്രമണത്തിന് സജീവമായി ആയുധം നൽകുകയും സാമ്പത്തികവും രഹസ്യാന്വേഷണപരവുമായ പിന്തുണ അവർ ഇസ്രായേലിന് നൽകുകയും ചെയ്യുന്നു. പാശ്ചാത്യ മാധ്യമങ്ങൾ യുദ്ധത്തിനുള്ള കളമൊരുക്കുന്നതിനായി പ്രൊപ്പഗണ്ട വാർത്തകൾ നൽകുന്നു. ദേശീയ, വംശീയ, അല്ലെങ്കിൽ മത വിദ്വേഷത്തിന്റെ വക്താക്കൾക്കായാണ് അവർ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ജബലിയയിലെ അൽ ഫലൗജ ബ്ലോക്കിലെ താമസകേന്ദ്രങ്ങളാണ് ഇസ്രായേൽ ബോംബിട്ട് തകർത്തത്. മരണസംഖ്യ കണക്കാക്കാനായിട്ടില്ല. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
തീവ്രതയേറിയ സ്ഫോടനമാണ് നടന്നതെന്ന് സമീപവാസികൾ പറഞ്ഞു. അഭയാർഥി ക്യാമ്പിലെ ഏറ്റവും ജനസാന്ദ്രതയേറിയ മേഖലയാണ് അൽ ഫലൗജ ബ്ലോക്ക്. ഇന്നലെയും ഇസ്രായേൽ ജബലിയ അഭയാർഥി ക്യാമ്പിൽ ആക്രമണം നടത്തിയിരുന്നു. 100ലേറെ പേരാണ് ഇവിടെ മരിച്ചത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ഒരു ടൺ വീതം ഭാരമുള്ള ആറു മിസൈലുകൾ പ്രദേശത്ത് ഒരേ സമയം പതിക്കുകയായിരുന്നെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം