തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും നാളെ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റിന് നവംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിനുള്ള കാലാവധി നേരത്തെ മൂന്നുതവണ നീട്ടിയിരുന്നു. എന്നാൽ ഇനി കാലാവധി നീട്ടുന്ന ഒരു സാഹചര്യമുണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഹെവി വാഹനങ്ങൾ സീറ്റ് ബെൽറ്റിടാതെ ഓടിച്ചാൽ നാളെമുതൽ എ.ഐ കാമറയുടെ പിടിവീഴും.
ഹെവി വാഹനത്തിലെ ഡ്രൈവർക്കും സഹായിക്കും സീറ്റ്ബെൽറ്റ് വേണമെന്ന നിർദ്ദേശത്തിന് നേരെ കടുത്ത പ്രതിഷേധം പലകോണുകളിലും ഉയർന്നിരുന്നു. നാളെ മുതൽ ഹെവി വാഹനങ്ങളിൽ ഫിറ്റ്‌നസ് ലഭിക്കാൻ ക്യാമറയും സീറ്റ് ബെൽറ്റും നിർബന്ധമാണ്. ഇതുസംബന്ധിച്ച കേന്ദ്ര നിയമം ബാധകമാകുന്ന തരത്തിലാകണം ഡ്രൈവർ സീറ്റ്ബെൽറ്റ് ധരിക്കേണ്ടത്. സർക്കാർ നിർദ്ദേശമനുസരിച്ച് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് ഒഴികെ എല്ലാത്തിലും സീറ്റ് ബെൽറ്റ് ഉണ്ടായിരിക്കണം. നിലവിൽ മിക്ക ഹെവി വാഹനങ്ങളും പുറത്തിറങ്ങുമ്പോൾ ഡ്രൈവർ സീറ്റിനോട് ചേർന്ന് സീറ്റ് ബെൽറ്റ് ഉണ്ടെങ്കിലും ഇവ ഡ്രൈവർമാർ ധരിക്കാതിരിക്കുകയോ ഇവ നാളുകൾക്കകം നീക്കം ചെയ്യുകയോ ആണ് പതിവ്.
കെ.എസ്.ആർ.ടി.സി ബസുകളിൽ സീറ്റ്‌ബെൽറ്റ് ഘടിപ്പിക്കുന്ന പദ്ധതി ഇതിനോടകം പൂർത്തീകരിച്ചെങ്കിലും കാമറ ഘടിപ്പിക്കൽ പൂർത്തിയായിട്ടില്ല. അതേസമയം സ്വകാര്യ ബസുകളുടെ കാര്യത്തിൽ അനശ്ചിതത്വം തുടരുകയാണ്. സാമ്പത്തിക പരമായ പ്രശ്‌നങ്ങളാണ് സ്വകാര്യ ബസുടമകൾ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















