കൊച്ചി: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണിക്കുമെതിരെ പരാതി. കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് ഇരുവരും നടത്തിയ പ്രസ്താവനകൾ മുൻ നിർത്തിയാണ് പരാതി. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ.പി. സരിൻ ആണ് ഡിജിപിക്ക് പരാതി നൽകിയത്. ഇരുവരും നടത്തിയത് അപകീർത്തികരവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ പ്രസ്താവനയെന്ന് പരാതിയിൽ പറയുന്നു.
നേരത്തെ, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ബിജെപി നേതാവ് സന്ദീപ് വാര്യർ, ഇടത് സഹയാത്രികൻ ഡോക്ടർ സെബാസ്റ്റ്യൻ പോൾ എന്നിവർക്കെതിരെയും സരിൻ പരാതി നൽകിയിരുന്നു.
ഹമാസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെടുത്തി രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ വർഗീയ പ്രസ്താവന ഇറക്കിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുമ്പോഴും അഴിമതിയാരോപണങ്ങളാൽ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഒരുദാഹരണം കൂടിയാണ് കളമശ്ശേരിയിൽ കണ്ടതെന്നും കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ നിരപരാധികളായ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്തുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രയേലിനെതിരേ പ്രതിഷേധിക്കുകയാണെന്നുമായിരുന്നു ട്വീറ്റ്.
എന്നാൽ വർഗീയ വീക്ഷണത്തോടെ ഒരു കേന്ദ്രമന്ത്രി പ്രസ്താവന നടത്തിയെന്നും വിഷാംശമുള്ളവർ വിഷം ചീറ്റിക്കൊണ്ടിരിക്കുമെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. ആക്രമണത്തിന് പ്രത്യേക മാനം നൽകാനുള്ള ശ്രമമാണ് കേന്ദ്രമന്ത്രിയെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ നടത്തിയതെന്നും ഇത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. കളമശ്ശേരി സ്ഫോടനം ദൗർഭാഗ്യകരമെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി എൻഐഎ അന്വേഷണത്തിന്റെ ആവശ്യം നിലവിലില്ലെന്നും പൊലീസ് അന്വേഷണം ഫലപ്രദമായി മുന്നോട്ട് കൊണ്ടു പോകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















