തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതിൽ വിദ്വേഷമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റവരെ മെല്ലെ സഹായിക്കണം എന്ന തോന്നലോടെ കോൺഗ്രസുകാരുടെ കളിയാണ് എംവി ഗോവിന്ദനെതിരെ നടക്കുന്നത്. സുരേഷ് ഗോപിയുടെ പെരുമാറ്റം ഒരു തരത്തിലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും ക്ഷമ ചോദിക്കേണ്ടി വന്നത് തെറ്റ് മനസിലായത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതക്ക് ഇവിടെ ഇടം ഇല്ലെന്ന് അടിവരയിട്ട് പറയേണ്ടതുണ്ട്. കേരളത്തിന്റെ സംസ്കാരത്തെ എല്ലാ അർത്ഥത്തിലും ആഘോഷിക്കേണ്ടതുണ്ട്. അതിനുള്ള അവസരമാണ് കേരളീയം. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, ചലച്ചിത്ര താരങ്ങൾ, വ്യവസായ പ്രമുഖർ ഉൾപ്പെടെ ഉദ്ഘാടനത്തിൽ പങ്കെടുക്കും. നവകേരളത്തിന്റെ ഭാവി രൂപ രേഖ തയ്യാറാക്കാൻ ലക്ഷ്യമിട്ട് 25 സെമിനാറുകൾ നടക്കും. ഏതാനും നേതാക്കൾ പങ്കെടുത്തില്ല എന്ന് കരുതി ജനങ്ങൾ പങ്കെടുക്കാതിരിക്കില്ല. കേരളീയത്തിൽ ഒരു ആശങ്കയും വേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
കവടിയാർ മുതൽ കിഴക്കേകോട്ട വരെ 42 വേദികളിലായിരിക്കും കേരളീയം പരിപാടികൾ നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തനിമ ലോകത്തെ അറിയിക്കാനുള്ള അവസരമാണ് കേരളീയം. വർഗ്ഗീയതക്ക് കേരളത്തിൽ ഇടമില്ലെന്ന് പറഞ്ഞ അദ്ദേഹം നവംബർ 1 ന് രാവിലെ പത്ത് മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ കേരളീയത്തിന്റെ ഉദ്ഘാടനം നടക്കുമെന്നും അറിയിച്ചു.
അതേസമയം കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ എംവി ഗോവിന്ദൻ അടക്കം നാല് പേർക്കെതിരെ കെപിസിസി പൊലീസിൽ പരാതി നൽകി. ഗോവിന്ദന് പുറമെ, മുൻ ഇടത് എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് സന്ദീപ് വാര്യർ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ പി സരിൻ പൊലീസിന് പരാതി നൽകിയത്. മനപ്പൂർവ്വവും ദുരുദ്ദേശപരവുമായി ഇരു മതവിഭാഗങ്ങൾ തമ്മിലുള്ള വെറുപ്പിനും സ്പർദ്ധയ്ക്കും കാരണമാകും വിധമാണ് നാല് പേരും പ്രതികരിച്ചതെന്ന് പരാതിയിൽ കുറ്റപ്പെടുത്തുന്നു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കളമശ്ശേരി സ്‌ഫോടനത്തിനു പിന്നാലെ വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടിയെടുക്കുകയാണ്. സംസ്ഥാനത്താകെ പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തു. വർഗീയ ചേരിതിരിവുണ്ടാക്കുന്ന ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബർ ക്രൈം വിഭാഗം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















