കൊച്ചി: കളമശേരി കണ്‍വന്‍ഷന്‍ സെന്ററില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത് ആകെ 21 പേരെന്ന് ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. 16 പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. 10 ശതമാനം പൊള്ളലേറ്റ 14 വയസുള്ള കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സ്‌ഫോടനത്തില്‍ പൊള്ളലേറ്റവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പൊള്ളലേറ്റവരെ പരിചരിക്കുന്ന എല്ലാ ആശുപത്രികളും ഡോക്ടർമാരും നല്ല അർപ്പണ ബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. നല്ല പരിചരണമാണ് ചികിത്സയിലുള്ളവർക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരെയും ബന്ധുക്കളെയും കളമശേരി മെഡിക്കൽ കോളേജ്, കാക്കനാട് സൺറൈസ് ആശുപത്രി, പാലാരിവട്ടം മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിസിറ്റി, രാജഗിരി ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ചിലർ പൂർണ അപകടാവസ്ഥയിൽ നിന്നു മുക്തരായിട്ടില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. അപകടം ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്ന് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയവർക്ക് മതിയായ ബോധവത്ക്കരണം ലഭിച്ചിരുന്നു. ഇത് സ്ഫോടന സമയത്ത് പുറത്തേക്ക് രക്ഷപ്പെടുന്നത് എളുപ്പമാക്കി. തിക്കിലും തിരക്കിലും പെട്ടുള്ള അപകടവും ഒഴിവായി. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മാര്‍ട്ടിന്‍ ഡൊമനിക് സമ്മതിച്ച കാര്യങ്ങള്‍ക്ക് അപ്പുറം മറ്റെന്തെങ്കിലും മാനമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഡിജിപി അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്ബ് ചെയ്താണ് അന്വേഷണം നടത്തുന്നത്. അന്വേഷണം നല്ല രീതിയിലാണ് നീങ്ങുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ എല്ലാവരില്‍ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടായത്. സംയുക്ത പ്രസ്താവന ഇറക്കി. കേരളത്തിന്റെ സൗഹാര്‍ദവും സാഹോദര്യവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും സമൂഹത്തോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് പ്രസ്താവന ഇറക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















