കൊച്ചി: കളമശ്ശേരി സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ അടക്കം ഗുരുതര വകുപ്പുകള്‍ ചുമത്തി. യുഎപിഎയ്ക്ക് പുറമേ കൊലപാതകം, കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങി ഗുരുതര വകുപ്പുകളാണ് മാർട്ടിന് എതിരെ ചുമത്തിയിരിക്കുന്നത്.
രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ സ്ഫോടനമാണെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ടൂൾ ബോക്സ് കണ്ടെത്തിയിട്ടുണ്ട്. മാര്‍ട്ടിന്‍ പുലര്‍ച്ചെ അഞ്ച് മണിക്കാണ് വീട്ടില്‍ നിന്ന് പോയതെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു.
അതേസമയം, സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ് പ്രായമായ സ്ത്രീ മരിച്ചു. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതോടെ സ്‌ഫോടനത്തില്‍ മരണം രണ്ടായി.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങിയത്. ഫേസ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് ഇയാൾ തൃശൂർ ജില്ലയിലെ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
യഹോവ സാക്ഷികൾ ദേശവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നും സഭയ്ക്കുള്ളിലെ തർക്കമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ഡൊമനിക് മാർട്ടിൻ പറയുന്നു. യോഗം നടക്കുന്ന സ്ഥലത്ത് രാവിലെ 9.40 ന് എത്തിയ മാർട്ടിൻ ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചതായാണ് സൂചന.
കളമശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനായോഗത്തിലാണ് ഇന്ന് രാവിലെ 9.30യോടെ സ്‌ഫോടനം നടന്നത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ 12 വയസുള്ള കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സ്‌ഫോടനം നടത്തിയത് താനാണെന്ന അവകാശവാദവുമായി മാര്‍ട്ടിന്‍ ഉച്ചയോടെ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.
എന്നാൽ സ്ഫോടനം നടത്തിയത് ഇയാൾ തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ പറഞ്ഞു. കൊച്ചിയിലെത്തിച്ച ഡൊമനിക് മാർട്ടിനെ സ്ഫോടനം നടന്ന സാമ്ര കൺവൻഷൻ സെന്ററിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ആറ് മാസം ഇന്റർനെറ്റിൽ നോക്കി പഠിച്ചാണ് സ്ഫോടക വസ്തു ഉണ്ടാക്കിയതെന്നാണ് ഇയാളുടെ മൊഴി. മാർട്ടിൻ സ്ഫോടക വസ്തുക്കള്‍ വാങ്ങിയ കടകളെ കുറിച്ചും വിവരം ലഭിച്ചു. ഇയാള്‍ക്ക് ഐഇഡി എവിടെനിന്ന് കിട്ടിയെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















