കോഴിക്കോട്: ഗാസയിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. ഇസ്രയേലിൽ ഹമാസ് ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന്റെ പ്രതികാരം അതിരുകടന്നുവെന്നും തരൂർ പറഞ്ഞു. കോഴിക്കോട് ബീച്ചിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണിന് കണ്ണെന്ന നിലയിൽ പ്രതികാരം ചെയ്താൽ ലോകം അന്ധമാകുമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഈ ജനക്കൂട്ടം കാണുമ്പോൾ അറിയാം ജനങ്ങളുടെ മനസും ഹൃദയവും എവിടെയാണെന്ന്. ഈ യുദ്ധം നിർത്തണമെന്നാണ് എല്ലാവരുടെയും ആവശ്യം. മാനുഷിക നിയമത്തിന്റെ ലംഘനമാണ് പലസ്തീനിൽ കാണുന്നത്.
ഇസ്രയേലിന്റെ ആക്രമണം ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും അവിടെനിന്നുവരുന്ന മരണക്കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തി 1,400 പേരെ കൊന്നു. ഇരുന്നൂറോളം പേരെ ബന്ദികളാക്കി. അതിന്റെ മറുപടിയായി ഇസ്രയേല്‍ ഗാസയില്‍ ബോംബിങ് നടത്തി 6000 പേരെ കൊന്നുകഴിഞ്ഞു, ശശി തരൂർ പറഞ്ഞു.
യുദ്ധ നിയമങ്ങളുടെ ലംഘനങ്ങളാണ് ഗാസയില്‍ കാണുന്നത്. ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എല്ലാം ഇസ്രയേല്‍ നിര്‍ത്തി. എന്നിട്ട് ഗാസയില്‍ ആക്രമണം നടത്തുമെന്നും ഉടന്‍ അവിടം വിട്ടുപോകാനും ആവശ്യപ്പെടുന്നു. ഇന്ധനമില്ലാതെ വ്യക്തികള്‍ എങ്ങനെയാണ് ഗാസയില്‍നിന്ന് പുറപ്പെടുക? 19 ദിവസത്തെ യുദ്ധത്തില്‍ ഏതാണ്ട് 70 ലോറികള്‍ മാത്രമേ റഫ അതിര്‍ത്തിവഴി സഹായങ്ങളെത്തിച്ചുള്ളൂ. അതിന്റെ 20 ഇരട്ടിയിലേറെ ഓരോ ദിവസവും അവിടെ ആവശ്യമുണ്ട്. ആശുപത്രികള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കാതെ ബുദ്ധിമുട്ടിക്കുന്നു.
ഗാസയിലും ലബനനിലും വെസ്റ്റ് ബാങ്കിലുമെല്ലാം ഇസ്രയേല്‍ നിരവധി പേരെ കൊന്നൊടുക്കി. ‘ഇരുമ്പിന്റെ വാള്‍’ എന്നാണ് ഇസ്രയേല്‍ ഈ ഓപ്പറേഷനു നല്‍കിയിരിക്കുന്ന പേര്. എത്ര കുഞ്ഞുങ്ങളുടെ രക്തത്തില്‍ മുക്കിയ വാളാണിതെന്ന് തരൂര്‍ ചോദിച്ചു.
ഗാന്ധിയുടെ കാലം മുതല്‍ ഇന്ത്യ പലസ്തീനൊപ്പമാണ്. പലസ്തീന്‍ അറബികളുടെ ഭൂമിയാണ്. അവിടെ കൈയേറുന്ന ഇസ്രയേല്‍ നടപടി തെറ്റാണ്. നെഹ്‌റുവും ഇന്ധിരാഗാന്ധിയും എല്ലാം ആ നിലപാട് സ്വീകരിച്ചവരാണ്. യു.എന്നില്‍ ജോലിചെയ്തിരുന്ന സമയത്ത് യാസര്‍ അറഫാത്തിനെ പലതവണ കാണാന്‍ അവസരമുണ്ടായി. അപ്പോഴെല്ലാം അദ്ദേഹം ഇന്ധിരാഗാന്ധിയെ നന്ദിയോടെ സ്മരിച്ചുവെന്നും ശശി തരൂര്‍ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം