ടെൽ അവീവ്: ഗാസയിലെ വ്യോമാക്രമണം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രയേൽ കരസേനാ മേധാവി ഹെർസി ഹലേവി. ഹമാസിനെ പൂർണമായും തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു കരയുദ്ധത്തിന് ഇസ്രയേൽ പൂർണ സജ്ജമാണെന്നും ഹെർസി കൂട്ടിച്ചേർത്തു.
യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന് ഇസ്രയേൽ സജ്ജമാണെന്ന് സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനു തയാറെടുത്തു. സർക്കാരിന്റെ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഡാനിയൽ പറഞ്ഞു.
അതേസമയം, വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ 24 മണിക്കൂറിനിടെ 704 പേരെ കൊന്നുവെന്ന് ഗസ്സ അധികൃതർ അറിയിച്ചു. ഒക്‌ടോബർ ഏഴ് മുതലുള്ള അധിനിവേശത്തിൽ ഗസ്സയിൽ 5791 പേർ കൊല്ലപ്പെട്ടതായും 16,297 പേർക്ക് മുറിവേറ്റതായും അൽജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം, ഗസ്സയിലെ മൂന്നിൽ രണ്ട് ആരോഗ്യ സംവിധാനവും പ്രവർത്തന ക്ഷമമല്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. 72 ആരോഗ്യ കേന്ദ്രങ്ങളിൽ 46 എണ്ണവും 35 ആശുപത്രികളിൽ 12 എണ്ണവും പ്രവർത്തനം നിർത്തിയെന്ന് ഡബ്ല്യൂഎച്ച്ഒ പറഞ്ഞു. ഇസ്രായേൽ തടസ്സം സൃഷ്ടിച്ചതോടെയുണ്ടായ വൈദ്യുതി- ഇന്ധന ക്ഷാമമാണ് പ്രവർത്തനം നിലയ്ക്കാൻ ഇടയാക്കിയതെന്ന് ഫലസ്തീൻ ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. വ്യോമാക്രമണം കനത്തതും ജനങ്ങൾ തിങ്ങിനിറഞ്ഞ ആശുപത്രികൾ അടയ്ക്കാൻ കാരണമായതായും പറഞ്ഞു.
ഗസ്സ സിറ്റിയിലെ അൽവഫ ആശുപത്രി കവാടത്തിലും പരിസരത്തിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. മുന്നറിയിപ്പില്ലാതെയായിരുന്നു ആക്രമണം. രോഗികളെ ഒഴിപ്പിക്കാനാവില്ലെന്നും കൂടുതൽപേരും കോമയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഗസ്സയിലെ പല ആശുപത്രികളിലെയും ഇന്ധനം തീർന്നു തുടങ്ങി. വടക്കൻ ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ ഇന്തോനേഷ്യൻ ആശുപത്രിയിലെ ഇന്ധനം തീർന്നതോടെ ഇൻക്യുബേറ്ററിൽ കഴിയുന്ന നിരവധി കുഞ്ഞുങ്ങളുടെ ജീവനാണ് അപകടത്തിലായത്. താൽക്കാലികമായി കുറച്ച് സമയത്തേക്കുള്ള ഇന്ധനം എത്തിച്ചെങ്കിലും എത്രസമയത്തേക്ക് തികയുമെന്ന് നിശ്ചയമില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം