യുദ്ധക്കെടുതിയിൽ വലയുന്ന പലസ്തീൻ ജനതയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ദുരിതബാധിതർക്കുള്ള മരുന്നും, അവശ്യ സാധനങ്ങളുമായി ആദ്യ വിമാനം പലസ്തീനിലേക്ക് ഉടൻ പുറപ്പെടും. ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമാണ് അയക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എക്സിൽ പോസ്റ്റ് ചെയ്തു. ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിർത്തി വഴിയാണ് സാധനങ്ങൾ പലസ്തീനിലേക്ക് അയക്കുക.
“പാലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി ഐഎഎഫ് സി -17 വിമാനം ഈജിപ്തിലെ എൽ-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നു. ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിർത്തി വഴിയാണ് സാധനങ്ങൾ പലസ്തീനിലേക്ക് അയക്കുക. അത്യാവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, ജലശുദ്ധീകരണ ഗുളികകൾ, മറ്റ് ആവശ്യമായ വസ്തുക്കൾ എന്നിവയാണ് അയക്കുന്നത്”- അരിന്ദം ബാഗ്ചി എക്സിൽ പോസ്റ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സംസാരിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് പലസ്തീനിലേക്കുള്ള ഇന്ത്യയുടെ സഹായം അയക്കുന്നത്. പലസ്തീനികൾക്കായി ഇന്ത്യ മാനുഷിക സഹായം അയക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചിരുന്നു. ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിൽ ഗാസ മുനമ്പിൽ സിവിലിയൻമാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി.
ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെ ഹമാസ് ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ഹമാസിന്റെ ആദ്യ ആക്രമണത്തില്‍ ഏകദേശം 1,400 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ദിവസമായിരുന്നു അത്. ഗാസയില്‍ ക്രൂരമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തു. 3,800 പലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇരുഭാഗത്തും മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം