ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം ‘ഒറ്റ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളം – തമിഴ് – കന്നഡ സിനിമകളിലെ മുന്‍നിരതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ആസിഫ് അലിയുടെയും, അര്‍ജുന്‍ അശോകന്റെയും വേറിട്ട ഒരു പ്രകടനം ആയിരിക്കും ചിത്രത്തില്‍ എന്നത് ട്രെയിലറില്‍ വ്യക്തമാണ്. നല്ലൊരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ എന്ന കമെന്റുകളാല്‍ ട്രെയിലറിനെ സ്വീകരിച്ചിരിക്കുകയാണ് സിനിമാ പ്രേമികള്‍. ഒക്ടോബര്‍ 27-ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍എല്‍പി യും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നൊരുക്കുന്ന ‘ഒറ്റ’ യുടെ നിര്‍മ്മാതാവ് എസ് ഹരിഹരനാണ്. കിരണ്‍ പ്രഭാകറിന്റേതാണ് കഥ. ചിത്രത്തിന്റെ നിര്‍മ്മാതാവ് എസ്. ഹരിഹരന്റെ യഥാര്‍ഥ ജീവിതത്തില്‍ നിന്നെടുത്ത ഓര്‍മ്മകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. സമൂഹത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് ചിത്രം എന്ന് കാണുന്ന ഓരോ പ്രേക്ഷകനും മനസ്സില്‍ തോന്നുംവിധത്തിലുള്ളതാണ് പുറത്തിറങ്ങിയ ട്രെയിലര്‍. ഒരു ത്രില്ലര്‍ അല്ലെങ്കില്‍ ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ എന്നിങ്ങനെ ഏത് വിധത്തിലുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കും വിധമുള്ളതാണ് ചിത്രം എന്ന സൂചനയും ട്രെയിലറില്‍ ഉണ്ട്.
ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം റസൂല്‍ പൂക്കുട്ടിയുടെ ഏറെ കാലത്തെ സ്വപ്നസാഫല്യമാണ്.
രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ‘ഒറ്റ’ എന്ന ചിത്രത്തിലൂടെ പറയുന്നത്. മാതാപിതാക്കളുമായുള്ള തര്‍ക്കത്തിനെ തുടര്‍ന്ന്, ഹരിയും, ബെന്നും വീടുവിട്ട് ഒരു യാത്ര ആരംഭിക്കുന്നു, പിന്നീട് അവരുടെ ജീവിതം നിയന്ത്രണാതീതമായി പോകുന്നു. ജീവിതം വഴുതിപ്പോകുന്നു എന്ന തിരിച്ചറിവ് പിന്നീട് അവരില്‍ ഉണ്ടാകുന്നു. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം പോകുന്നത്. ഹരി എന്ന പ്രധാന കഥാപാത്രമായി ആസിഫ് അലിയും, ബെന്‍ ആയി അര്‍ജുന്‍ അശോകനും, രാജുവായി ഇന്ദ്രജിത്തുമാണ് ചിത്രത്തിലെത്തുന്നത്.
പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് എം. ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. ഗാനങ്ങളൊരുക്കിയത് വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. എം. ജയചന്ദ്രന്‍, പി ജയചന്ദ്രന്‍, ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, അല്‍ഫോന്‍സ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അഞ്ചു പാട്ടുകള്‍ ഉള്ള ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അരുണ്‍ വര്‍മ്മയാണ്.
ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ -കുമാര്‍ ഭാസ്‌കര്‍. ഒറ്റയുടെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. എഡിറ്റര്‍ -സിയാന്‍ ശ്രീകാന്ത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് -അരോമ മോഹന്‍, വി. ശേഖര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ -സിറില്‍ കുരുവിള, സൗണ്ട് മിക്‌സ് -കൃഷ്ണനുണ്ണി കെ.ജെ, ബിബിന്‍ ദേവ്, ആക്ഷന്‍ കൊറിയോഗ്രാഫര്‍ -ഫീനിക്‌സ് പ്രഭു, കോസ്റ്റ്യൂം റിതിമ പാണ്ഡെ, മേക്കപ്പ് -രതീഷ് അമ്പാടി, പ്രൊഡക്ഷന്‍ മാനേജര്‍ -ഹസ്മീര്‍ നേമം, സ്റ്റില്‍സ് -സലീഷ് പെരിങ്ങോട്ടുകര. മുരളി മുംബൈ, പ്രശാന്ത് കൊച്ചി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനേഴ്സ്. കളറിസ്‌റ് ലിജു പ്രഭാകര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് -ബോസ് വാസുദേവന്‍, ഉദയ് ശങ്കരന്‍, പി.ആര്‍.ഒ. -മഞ്ജു ഗോപിനാഥ്. സെഞ്ച്വറി ഫിലിംസാണ് ഈ റസൂല്‍ പൂക്കുട്ടി ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം