സൈനസ് അറകളിലുണ്ടാകുന്ന അണുബാധയാണ് സൈനസൈറ്റിസായി മാറുന്നത്. മൂക്കിനു ചുറ്റും സ്ഥിതി ചെയ്യുന്ന, മൂക്കിലേക്ക് തുറക്കുന്ന വായു നിറഞ്ഞ അറകളാണ് സൈനസ്.
പനി വന്നതിനു ശേഷമാണ് അവന് ഇടയ്ക്കിടെ തലവേദന അനുഭവപ്പെട്ടു തുടങ്ങിയത്. പിന്നീട് വേദന കണ്ണിനു ചുറ്റുമായി. രാവിലെ ഉറക്കമുണരുമ്പോള്‍ കണ്ണിനു ചുറ്റും, നെറ്റിയിലും വേദന പതിവായി. നിരന്തരം ക്ലാസുകള്‍ മുടങ്ങിയതോടെ ചികിത്സ തേടാന്‍ തീരുമാനിച്ചു.
തലവേദനയ്ക്ക് പല കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് സൈനസൈറ്റിസ്. മൂക്കില്‍നിന്നും പഴുപ്പ് പോലുള്ള ദ്രാവകം പുറത്തുവരികയും തുടര്‍ച്ചയായ തലവേദനയുമാണ് സൈനസൈറ്റിസിന്റെ പ്രാഥമിക ലക്ഷണം.
ഇതു മൂലം നിത്യജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ധാരാളം ആളുകളുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സൈനസൈറ്റിസ് ബാധിതരില്‍ ഉള്‍പ്പെടുന്നു. സൈനസ് അറകളിലുണ്ടാകുന്ന അണുബാധയാണ് സൈനസൈറ്റിസായി മാറുന്നത്.
സൈനസ്
മൂക്കിനു ചുറ്റും സ്ഥിതി ചെയ്യുന്ന, മൂക്കിലേക്ക് തുറക്കുന്ന വായു നിറഞ്ഞ അറകളാണ് സൈനസ്. നെറ്റിയുടെ നടുഭാഗത്ത് അഥവാ പുരികങ്ങള്‍ ചേരുന്ന ഭാഗത്തും, കണ്ണുകള്‍ക്ക് താഴെയായി മൂക്കിന്റെ രണ്ട് വശങ്ങളിലായി ശ്ലേഷ്മ സ്തരം കൊണ്ട് ആവരണം ചെയ്തിട്ടുള്ള വായു അറകളാണ് സൈനസുകള്‍.
സൈനസ് നാല് തരത്തിലുണ്ട്.
ഫ്രൊന്റല്‍ സൈനസ് :
നെറ്റിയില്‍ ഉണ്ടാകുന്ന സൈനസ്.
മാക്‌സിലറി : –
കണ്ണിനു താഴെയായി കാണപ്പെടുന്നു.
എത്്‌മോയ്ഡ് : –
മൂക്കിന് ഇരുവശവും അനുഭവപ്പെടുന്ന സൈനസ്.
സ്ഫീനോയ്ഡ് സൈനസ് : തലച്ചോറിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ഉണ്ടാകുന്ന സൈനസ്.
ശ്വാസവായു സൈനസ് അറകളിലൂടെ വിവേചിച്ചാണ് ശ്വാസകോശത്തിലെത്തുന്നത്. നാം ശ്വസിക്കുന്ന വായുവിന്റെ താപനില നിയന്ത്രിക്കുക, സ്വനപേടകത്തില്‍ നിന്നും പുറത്തു വരുന്ന വാക്കുകള്‍ക്ക് വ്യക്തത നല്‍കുക, തലയ്ക്ക് ഏല്‍ക്കുന്ന ആഘാതങ്ങളെ ഒരു പരിധി വരെ തടയുക, തലയുടെ ഭാരം കുറയ്ക്കുക എന്നിവയാണ് സൈനസിന്റെ പ്രധാന ധര്‍മ്മം.
ഇതു കൂടാതെ ശ്വാസ വായുവിനെ ശീതീകരിക്കുകയെന്ന കര്‍മ്മവും സൈനസിനുണ്ട് . ഈ സൈനസിസില്‍ വരുന്ന അണുബാധയാണ് സൈനസൈറ്റിസ്.
സൈനസില്‍ ധാരാളം സ്രവങ്ങളുണ്ട്. ഈ സ്രവങ്ങള്‍ സാധാരണയായി മൂക്കില്‍നിന്നും ഒഴുകി തൊണ്ടയില്‍ എത്തും. എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് ഈ ഒഴുക്കിനു തടസങ്ങള്‍ ഉണ്ടാകാം. ഒഴുക്ക് കുറയുമ്പോള്‍ സ്രവങ്ങള്‍ക്ക് കട്ടി കൂടും. സൈനസില്‍ സ്രവങ്ങള്‍ കെട്ടിക്കിടന്ന് അണുബാധ ഉണ്ടാകുന്നതാണ് സൈനസൈറ്റിസ്.
ഏതു പ്രായക്കാരെയും അലട്ടുന്ന പ്രശ്‌നമാണിത്. എങ്കിലും മറ്റുള്ളവരെ അപേക്ഷിച്ച്് ചെറുപ്പക്കാരില്‍ സൈനസൈറ്റിസിനുള്ള സാധ്യതയേറെയാണ്. കണ്ണിനു താഴെയായി മൂക്കിന്റെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന മാക്‌സിലറി സൈനസില്‍ അണുബാധയുണ്ടാകാം.
പൊതുവേ കൂടുതലായി കണ്ടുവരാറുള്ള സൈനസുകളിലൊന്നാണിത്. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സൈനസൈറ്റിസ് രണ്ടായി തരംതിരിക്കാം. അക്യൂട്ട് സൈനസൈറ്റിസും ക്രോണിക് സൈനസൈറ്റിസും.
വളരെ പെട്ടെന്നുണ്ടായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാറുന്ന സൈനസൈറ്റിസാണ് അക്യൂട്ട് സൈനസൈറ്റിസ്. എന്നാല്‍ വളരെ നാള്‍ നീണ്ടുനില്‍ക്കുന്ന അവസ്ഥയാണ് ക്രോണിക്ക് സൈനസൈറ്റിസ്.
ലക്ഷണങ്ങള്‍
അക്യൂട്ട് സൈനസൈറ്റിസ് :
തലയ്ക്ക് ഭാരം അനുഭവപ്പെടുക.
മൂക്ക് അടയുക
ശ്വാസതടസ്സം
ദുര്‍ഗന്ധം അനുഭവപ്പെടുക.
ക്രോണിക്ക് സൈനസൈറ്റിസ് :
ജലദോഷം
തലവേദന
രാവിലെ ഉറക്കമുണരുമ്പോള്‍ കണ്ണിനു ചുറ്റും നെറ്റിയിലും വേദന അനുഭവപ്പെടുക.
മൂക്കിന്റെ വശങ്ങളില്‍ വേദന
കണ്ണിനു താഴെ വേദന ഉണ്ടാകുക.
മൂക്കില്‍ സ്രവം പഴുപ്പോട് കൂടി കെട്ടിക്കിടക്കുക.
മൂക്ക് അടയുക.
ശ്വസിക്കുമ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടുക.
ഗന്ധം തിരിച്ചറിയാന്‍ പ്രയാസമുണ്ടാകുക.
സൈനസൈറ്റിസിനുള്ള കാരണങ്ങള്‍ പലതാണ്. അന്തരീക്ഷ മലിനീകരണം, അലര്‍ജി, ശുദ്ധവായുവിന്റെ കുറവ്, പൊടിപടലങ്ങള്‍, തണുപ്പുള്ള കാലാവസ്ഥയിലുള്ള താമസം, ഏ.സി യുടെ നിരന്തര ഉപയോഗം തുടങ്ങി ബാഹ്യമായ ഒട്ടേറെ കാരണങ്ങള്‍ സൈനസൈറ്റിസ് മൂര്‍ച്ഛിക്കുവാന്‍ ഇടയാക്കും.
ചില പ്രത്യേക സാഹചര്യങ്ങളില്‍ ഫംഗസുകളും രോഗകാരണമാകാം. അന്തരീക്ഷ മലിനീകരണം സൈനസൈറ്റിസ് ഉള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ അധികരിക്കാനിടയാക്കും.
വീട്ടിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലുമുള്ള പൊടിപടലങ്ങള്‍, നാളുകളായി ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍ എടുക്കുമ്പോള്‍ അതില്‍ നിന്നും ഉണ്ടാകുന്ന ഫംഗസുകള്‍ ഇവയൊക്കെ രോഗകാരണങ്ങളാണ്. തണുപ്പുള്ള കാലാവസ്ഥ സൈനസൈറ്റിസ് ഉള്ളവരെ സംബന്ധിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ജനിതകപരമായി മൂക്കിന്റെ പാലത്തിന് വളവുള്ളത് സൈനസൈറ്റിസിനു കാരണമാകാം. മൂക്കിലുള്ള സ്രവങ്ങളുടെ ഒഴുക്ക് നഷ്ടപ്പെട്ട് ബ്ലോക്കുണ്ടാകുന്നത് സൈനസൈറ്റിസ് ഉണ്ടാകാന്‍ മറ്റൊരു കാരണമാണ്.
രോഗപ്രതിരോധ ശേഷി കുറവുള്ളവരെ സംബന്ധിച്ച് സൈനസൈറ്റിസ് പെട്ടെന്നു ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ പ്രമേഹമുള്ളവരിലും ഇടയ്ക്കിടെ സൈനസൈറ്റിസ് ഉണ്ടാകാം.
കുട്ടികളെ സംബന്ധിച്ച് പനിക്കു ശേഷം സൈനസൈറ്റിസിന്റെ ലക്ഷണങ്ങള്‍ പ്രകടമായേക്കാം. ഏകദേശം 10% ആളുകളിലും അലര്‍ജിയുടെ ഭാഗമായി സൈനസൈറ്റിസ് കണ്ടുവരാറുണ്ട്്.
എന്താണ് അലര്‍ജി
ചില ബാഹ്യവസ്തുക്കളോടുള്ള ശരീരത്തിന്റെ അമിതമായ പ്രതികരണമാണ് അലര്‍ജി. ഇത് പല രൂപത്തിലുമാകാം. ഇത്തരം അലര്‍ജികളെ പ്രതിരോധിക്കുകയാണ് പ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനം. അലര്‍ജികള്‍ പല രൂപത്തില്‍ പ്രകടമാകാം.
മൂക്കിനെയും സൈനസുകളെയും ബാധിച്ച് നിരന്തരം മൂക്കൊലിപ്പും തുമ്മലുമാകുമ്പോള്‍ അലര്‍ജിയായി മാറുന്നു. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളെ അലര്‍ജനുകള്‍ എന്നു പറയുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ ഇത്തരം അലര്‍ജനുകളാണ്.
ചികിത്സ
സൈനസൈറ്റിസിന് മെഡിക്കല്‍ ട്രീറ്റ്‌മെന്റാണ് നല്‍കുന്നത്. ആന്റിബയോട്ടികുകള്‍ സാധാരണയായി നല്‍കാറുണ്ട്്. ഇതോടൊപ്പം മൂക്കിലൊഴിക്കാനുള്ള തുള്ളിമരുന്നുകള്‍, കഫം പോകാനുള്ള മരുന്നുകളും നിര്‍ദേശിക്കും.
മൂന്ന് മുതല്‍ ആറാഴ്ച വരെ ചികിത്സയ്ക്ക്് സമയമെടുക്കും. തുടര്‍ച്ചയായി സൈനസൈറ്റിസ് ഉണ്ടാകുന്നെങ്കില്‍ തീര്‍ച്ചയായും പരിശോധനകള്‍ക്ക് വിധേയമാകേണ്ടതുണ്ട്.
ഒരു പ്രാവശ്യം വന്നതിനു ശേഷം സൈനസൈറ്റിസിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നില്ലെങ്കില്‍ പേടിക്കേണ്ടതില്ല. എന്നാല്‍ ഇടയ്ക്കിടെ സൈനസൈറ്റിസ് ഉണ്ടായാല്‍ നേസല്‍ എന്‍ഡോസ്‌കോപ്പി ചെയ്യേണ്ടതായി വരാം. മൂക്കിനുള്ളിലൂടെ ട്യൂബ് കടത്തിവിട്ട് മൂക്കിന്റെ പാലത്തിനു വളവുണ്ടോ, ദശകളുണ്ടോ എന്ന് പരിശോധിക്കാനാകും.
സ്രവങ്ങള്‍ കെട്ടിക്കിടപ്പുണ്ടോ, പഴുപ്പുണ്ടോ എന്നൊക്കെ അറിയാനുള്ള ടെസ്റ്റാണ് നേസല്‍ എന്‍ഡോസ്‌കോപ്പി. മൂക്കിന്റെ പാലത്തിനു വളവോ, സൈനസില്‍ സ്രവങ്ങള്‍ക്ക് കട്ടി കൂടുതലോ ഉണ്ടോയെന്ന് അറിയാന്‍ സി. റ്റി സ്‌കാന്‍ പരിശോധന ചെയ്യാവുന്നതാണ്.
സാധാരണയായി 3, 6 ആഴ്ച ആന്റിബയോട്ടിക് കൊടുത്തതിനു ശേഷമേ സി. റ്റി സ്‌കാന്‍ നിര്‍ദേശിക്കാറുള്ളൂ. തുടര്‍ച്ചയായി ഉണ്ടാകുന്ന സൈനസൈറ്റിസ് ക്രോണിക് ൈസനസൈറ്റിസ് ആയി മാറാം.
ഇത്തരം സാഹചര്യങ്ങളില്‍ വളരെ അപുര്‍വ്വമായി പ്രധാന അവയവങ്ങളിലേക്കും ഇന്‍ഫക്ഷന്‍ ഉണ്ടായേക്കാം. അതായത് തലച്ചോറിലേക്കോ കണ്ണുകളിലേക്കോ വളരെ അപൂര്‍വമായി അണുബാധയുണ്ടാകാം. ചുരുക്കമായി മാത്രം സംഭവിക്കുന്ന ഒന്നാണിതെന്നു മാത്രം.
ക്രോണിക് സൈനസൈറ്റിസ് വന്ന് ദശവളര്‍ച്ചയുണ്ടെങ്കില്‍ മാത്രമേ ശസ്ത്രക്രിയ നിര്‍ദേശിക്കാറുള്ളൂ. ദശവളര്‍ച്ചയുണ്ടെങ്കില്‍ സര്‍ജറി ആവശ്യമായി വരും. ദശകള്‍ നീക്കം ചെയ്യേണ്ടതുണ്ട്. അതിനായി നിര്‍ദേശിക്കുന്ന ശസ്ത്രക്രിയയാണ് എന്‍ഡോസ്‌കോപിക് സൈനസ് സര്‍ജറി.
അടഞ്ഞു കിടക്കുന്ന സൈനസുകളിലെ തടസങ്ങള്‍ നീക്കുന്നതിനും പഴുപ്പ് നീക്കം ചെയ്ത് സാധാരണ രീതിയിലാക്കുന്നതിനും ശസ്ത്രക്രിയയിലൂടെ സാധിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷവും അലര്‍ജി തടയുന്നതിനുള്ള ചികിത്സ തുടരേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സൈനസൈറ്റിസ് ഉള്ളവര്‍ പൊടിയടിക്കാതെയും തണുപ്പുള്ള സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കേണ്ടതുമാണ്.
ഡോ. ഡയാന ആന്റണി
കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി സര്‍ജന്‍
കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം