ന്യൂഡൽഹി : സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എസ്.ആർ. ഭട്ട്, ഹിമ കോഹ്ലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.
സ്വവർഗ വിവാഹത്തിന് നിയമ സാധുത തേടി സ്വവർഗാനുരാഗികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ, എൽ.ജി.ബി.ടി.ക്യു പ്ലസ് ആക്ടിവിസ്റ്റുകൾ, സംഘടനകൾ തുടങ്ങിയവർ നൽകിയ ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. വിഷയത്തിൽ കോടതി കേന്ദ്രസർക്കാരിനോടും കേന്ദ്രം സംസ്ഥാനങ്ങളോടും അഭിപ്രായം തേടിയിരുന്നു.
കഴിഞ്ഞ മെയ് 11നാണ് പത്തിലേറെ ഹരജികൾ സുപ്രീം കോടതി മുമ്പാകെ വന്നത്. മെയ് 11 മുതൽ തുടർച്ചായായ പത്ത് ദിവസം ഈ ഹരജികളിൽ കോടതി വാദം കേട്ടിരുന്നു. വ്യക്തിനിയമങ്ങളിലേക്ക് കടക്കുന്നില്ലെന്നും പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകളിൽ മാറ്റം വരുത്തി സ്വവർഗ്ഗ വിവാഹം അനുവദിക്കാൻ കഴിയുമോ എന്ന് മാത്രമാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
സ്വവർഗ്ഗ വിവാഹം നിയമപരമാക്കാതെ തന്നെ പങ്കാളികൾക്ക് പല ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ കമ്മിറ്റി നിയോഗിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. വിവാഹത്തിന് നിയമസാധുത നല്കുന്ന വിഷയം പാർലമെൻറിന് വിടണമെന്നും കേന്ദ്രം വാദിച്ചു. എന്നാൽ പാർലമെൻറ് ഇതിൽ തീരുമാനം എടുക്കില്ലെന്നും തുല്യതയ്ക്കും വിവേചനം തടയാനുമുള്ള മൗലിക അവകാശങ്ങൾ കോടതി തന്നെ സംരക്ഷിക്കണമെന്നും ഹർജിക്കാർ വാദിച്ചു.
പരമ്പരാഗതമായ കുടുംബ സങ്കൽപങ്ങൾക്കെതിരെയാണ് സ്വവർഗ വിവാഹത്തിന് നൽകുന്ന നിയമസാധുതയെന്നായിരുന്നു കേന്ദ്രസർക്കാറിന്റെ വാദം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം