ഡൽഹി: ഇസ്രായേൽ-ഫലസ്തീൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ വിചാരിച്ചാൽ സാധിക്കുമെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബു അൽഹൈജ്. പ്രധാനമന്ത്രി നരേന്ദ്രമോദി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിക്കണമെന്നും ഇസ്രായേലിന് മേൽ സമ്മർദം ചെലുത്താനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്‌നാൻ അബുവിന്റെ പ്രതികരണം.
ഇസ്രായേലും ഫലസ്തീനുമായി ഇന്ത്യക്ക് നല്ല ബന്ധമുണ്ട്. ഫലസ്തീനെ സംബന്ധിച്ച് ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നെതന്യാഹുവുമായി സംസാരിക്കണം. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ വിചാരിച്ചാൽ സാധിക്കും. ഇസ്രായേലിന് മേൽ സമ്മർദം ചെലുത്താനുള്ള ശേഷി ഇന്ത്യക്ക് ഉണ്ട്. ഇന്ത്യ അങ്ങനെ ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷ”. അദ്ദേഹം പറഞ്ഞു.
യുദ്ധത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാട്ടിയ അദ്‌നാൻ അബു, ലോകരാഷ്ട്രങ്ങൾ ഇടപെട്ടില്ലെങ്കിൽ നിരപരാധികളായ അനേകം മനുഷ്യർക്ക് ഇനിയും ജീവൻ നഷ്ടപ്പെടുമെന്നും കൂട്ടിച്ചേർത്തു.
“യുദ്ധത്തിൽ ലോകരാഷ്ട്രങ്ങൾ അടിയന്തരമായി ഇടപെടണം. യുദ്ധത്തെ അമേരിക്ക ഉൾപ്പടെയുള്ള ഡെമോക്രാറ്റിക് രാജ്യങ്ങൾ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഇത് മുതലെടുക്കുകയാണ് ഇസ്രായേൽ. കുഞ്ഞുങ്ങളെ കൊന്നും കെട്ടിടങ്ങൾ തകർത്തും മതിയാകാഞ്ഞ് ഇപ്പോൾ ദശലക്ഷക്കണക്കിന് മനുഷ്യരോട് പലായനം ചെയ്യാൻ ആവശ്യപ്പെടുകയാണവർ.
യുദ്ധത്തിന് മുമ്പും ഗസ്സയിലെ ജീവിതം സുഖകരമായിരുന്നില്ല അവിടുത്തെ ജനങ്ങൾക്ക്. യുദ്ധം തുടങ്ങിയതോടെ ദുരിതവും വർധിച്ചു. ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നത് ഹമാസ് പ്രവർത്തകരല്ല, സാധാരണക്കാരായ പാവം ജനങ്ങളാണ്”. അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം