കോഴിക്കോട്: അന്താരാഷ്ട്ര സ്തനാർബുദ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസ് സംഘടിപ്പിക്കുന്ന ഷീ-ക്യാൻ കാൻസർ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി. കൽപകഞ്ചേരി മൈൽസിൽ (മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ എംപവർമെന്റ്) നടന്ന ചടങ്ങിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.
സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനൊപ്പം നിർധനരായ സ്ത്രീകൾക്ക് സൗജന്യമായും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിലും കാൻസർ പരിശോധനകൾ ചെയ്യാനുള്ള പദ്ധതികളാണ് ആസ്റ്റർ മിംസ് ഒരുക്കിയിട്ടുള്ളത്. ആസ്റ്റർ ഹോസ്പിറ്റൽസിന്റെ സി.എസ്.ആര്‍. വിഭാഗമായ ആസ്റ്റര്‍ വോളന്റിയേര്‍സ്, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്ത്രീകളിലെ കാൻസർ സാധ്യതകളെ കുറിച്ച് അറിയുന്നതിനും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിനും ആരംഭ ഘട്ടത്തിൽ തന്നെ സ്വയം പരിശോധനയിലൂടെ മനസ്സിലാക്കുന്നതിനും വൈദ്യസഹായം തേടുന്നതിനും പ്രാപ്‌തരാക്കുക എന്നതാണ് ക്യാമ്പയിൻ്റെ ലക്ഷ്യം. സമൂഹത്തിലെ എല്ലാ തുറകളിലും പെട്ട സ്ത്രീകളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കിയാണ് ക്യാമ്പയിൻ വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം വിവിധ സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവരുമായി ചേർന്ന് ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നേരത്തേ കണ്ടെത്തിയാൽ എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമായി ഇന്ന് കാൻസർ മാറിയിട്ടുണ്ട്. അതേസമയം സ്ത്രീകളെ ഏറ്റവും കൂടുതലായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയ കാൻസർ എന്നിവ മൂലം ലക്ഷക്കണക്കിന് പേരാണ് മരണപ്പെടുന്നത്. അതി നൂതനമായ പരിശോധനാ മാർഗ്ഗങ്ങൾ ഉണ്ടായിട്ടും ആരംഭഘട്ടത്തിൽ രോഗ നിർണയം നടത്തി ചികിത്സ തേടാത്തതാണ് മരണ സംഖ്യ ഉയർത്തുന്നത്. മുൻകൂട്ടിയുള്ള പരിശോധനകളെക്കുറിച്ചും, ചികിത്സയെക്കുറിച്ചും കൃത്യമായ അവബോധമില്ലാത്തതാണ് ഇതിന് കാരണം എന്ന് ആസ്റ്റർ കാൻസർ സെൻ്റെർ ഡയറക്ടർ ഡോ കെ വി ഗംഗാധരൻ പറഞ്ഞു.
സ്തനാർബുദം, ഗർഭാശയ ക്യാൻസറുകൾ, മുഖത്തും വായിലും ഉണ്ടാകുന്ന കാൻസറുകൾ, സ്കിന്നുമായി ബന്ധപ്പെട്ട കാൻസറുകൾ തുടങ്ങിയവക്കുള്ള പരിശോധനകൾക്കും, പ്രതിരോധനടപടികൾക്കുമാണ് ഷീ ക്യാൻ മുൻഗണന നൽകുന്നതെന്നും ക്യാമ്പയിൻ സമൂഹത്തിലുണ്ടാക്കുന്ന കൃത്യമായ ഇടപെടലുകളിലൂടെ അനേകായിരം ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്നും ആസ്റ്റർ മിംസ് ഡയറക്ടർ എൻജിനീയർ അഹമ്മദ് മൂപ്പൻ പറഞ്ഞു.
സ്ഥിരമായി മാമ്മോഗ്രാം പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം എല്ലാ സ്ത്രീകളും മനസ്സിലാക്കേണ്ടതുണ്ട്. അതേസമയം മിക്ക സ്ത്രീകളും സ്വയം പരിശോധന നടത്താന്‍ പോലും തയാറാകുന്നില്ലെന്നും അടുത്തിടെ നടന്ന പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നത് സ്തനാര്‍ബുദ ലക്ഷണങ്ങള്‍ ഉണ്ടായിട്ട് പോലും രണ്ടിലൊന്ന് സ്ത്രീകള്‍ മാത്രമേ സ്വയം പരിശോധന നടത്തുന്നുള്ളു എന്നാണെന്നും സർജിക്കൽ ഓങ്കോളജി വിഭാഗം തലവൻ വി.പി. സലീം പറഞ്ഞു.
കാൻസർ ബോധവത്കരണത്തിന്റെ ആവശ്യകത മുന്നിൽ കണ്ട് നിരവധി പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായകരമാകുന്ന പദ്ധതി നടപ്പാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുക്മാൻ പൊൻമാടത്ത് കൂട്ടിച്ചേർത്തു.
ചടങ്ങിൽ ആസ്റ്റർ മിംസ് ഡയറക്ടർ എൻജിനീയർ അഹമ്മദ് മൂപ്പൻ അധ്യക്ഷത വഹിച്ചു. ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. ആമിന ബീവി, ആസ്റ്റർ വോളണ്ടിയേഴ്സ് മലബാർ ലീഡ് മുഹമ്മദ് ഹസീം, മൈൽസ് അഡ്മിനിസ്ട്രേറ്റർ ഹസ്കർ അലി തുടങ്ങിയവർ സംസാരിച്ചു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം