ന്യൂഡൽഹി: മധ്യപ്രദേശിൽ ഉജ്ജയിനിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ സഹായിക്കാത്തവർക്കെതിരെ കേസെടുത്തേക്കുമെന്ന് സൂചന. ബലാത്സംഗത്തിനിരയായ പെൺകുട്ടി വഴിനീളെ സഹായം അഭ്യർഥിക്കുന്നതിന്റെ ഹൃദയഭേദകമായ വിഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി തുടങ്ങിയത്.
പോക്സോ ആക്ട് പ്രകാരം ഇവർക്കെതിരെ കേസെടുക്കുന്നത് പരിശോധിക്കുമെന്നാണ് അഡീഷണൽ സുപ്രണ്ട് ഓഫ് പൊലീസ് ജയന്ത് സിങ് റാത്തോർ പറഞ്ഞു. ബലാത്സംഗത്തെ സംബന്ധിച്ച് അറിവുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ ഇക്കാര്യം പൊലീസിനെ അറിയിച്ചില്ലെന്ന് അദ്ദേഹം എൻ.ഡി.ടി.വിയോട് പറഞ്ഞു. രാകേഷ് മാളവ്യയെന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കുറ്റകൃത്യം അറിയിക്കുന്നതിൽ വീഴ്ച വരുത്തിയത്. ഇയാളുടെ ഓട്ടോയിൽ നിന്നും പെൺകുട്ടിയുടേതെന്ന് സംശയിക്കുന്ന രക്തതുള്ളികൾ കണ്ടെത്തിയിരുന്നു. കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഇയാൾക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസെടുക്കാമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
ഗുരുതരാവസ്ഥ തരണം ചെയ്യുന്ന പെൺകുട്ടി കനത്ത മാനസികാഘാതവും വേദനയും അനുഭവിക്കുകയാണ്. ബോധം തെളിഞ്ഞപ്പോൾ പെൺകുട്ടി അമ്മയെ വിളിക്കുകയും സ്കൂൾ യൂണിഫോം ആവശ്യപ്പെടുകയും ചെയ്തു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സമയത്ത് സ്കൂൾ യൂണിഫോം ആയിരുന്നു ധരിച്ചിരുന്നത്. എന്നാൽ ബന്ധുക്കളുടെ പേര് പറയാനോ സ്വദേശം എവിടെയാണെന്ന് പറയാനോ സാധിച്ചില്ലെന്നും അധികൃതർ അറിയിച്ചു. കുട്ടി മാനസികമായി തകർന്നിരിക്കുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയെ കാണാനില്ലെന്ന് അറിയിച്ച് പൊലീസിൽ പരാതി നൽകാൻ ചെന്നെങ്കിലും അവഗണിക്കുകയാണുണ്ടായതെന്നും ബന്ധുക്കൾ പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകും. പെൺകുട്ടിയെ സഹായിക്കാത്തവർക്കെതിരെയും പൊലീസിനെ അറിയിക്കാത്തവർക്കെതിരെയുമാണ് നടപടിയുണ്ടാകുക. നേരത്തെ, പെൺകുട്ടി വീടുകൾക്ക് മുന്നിലെത്തി സഹായം അഭ്യർഥിക്കുന്നതിന്റേയും ആളുകൾ അവളെ ആട്ടിയോടിക്കുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം