മലപ്പുറം: ആരോഗ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫംഗത്തിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ഹരിദാസനും ഇടനിലക്കാരൻ അഖിൽ സജീവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. നിയമനം ലഭിക്കാത്തതിനെ കുറിച്ച് ഹരിദാസൻ ചൂണ്ടിക്കാട്ടുമ്പോൾ നിയമനം ലഭിക്കുമെന്ന് അഖിൽ സജീവ് ഉറപ്പ് നൽകുന്നു. തന്നെമാത്രം കുറ്റക്കാരനാക്കിയാൽ പറയേണ്ടത് പറഞ്ഞോളാമെന്നും അഖിൽ സജീവ് പറയുന്ന ശബ്ദരേഖ പുറത്തുവന്നു.
നിയമനം നൽകാമെന്നും ഇതിന് സാവകാശം വേണമെന്നും അഖിൽ സജീവ് സംഭാഷണത്തിൽ പറയുന്നു. പൊലീസിൽ പരാതി നൽകരുതെന്നും അഭ്യർത്ഥിക്കുന്നുണ്ട്. ഇനിയും കാത്തിരിക്കാൻ ആകില്ലെന്നും പോലീസിനെ സമീപിക്കേണ്ടി വരുമെന്നും ഹരിദാസൻ പറയുന്നതും സംഭാഷണത്തിൽ ഉണ്ട്. ഹരിദാസിനെ പരിചയമില്ലെന്ന് അഖിൽ സജീവ് പറഞ്ഞതിന് പിന്നാലെയാണ് ഹരിദാസൻ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
വിവരാവകാശ പ്രകാരം ഹോമിയോ വകുപ്പിൽ അന്വേഷിച്ചപ്പോൾ ഒഴിവില്ലെന്നാണ് മറുപടി കിട്ടിയതെന്ന് ഹരിദാസ് പറയുന്നുണ്ട്. എന്നാൽ നിയമനം എന്തായാലും നൽകുമെന്നും അതിനുള്ളതെല്ലാം ചെയ്തിട്ടുണ്ടെന്നും അഖിൽ സജീവ് പറയുന്നു. രണ്ടാഴ്ച കൂടി സമയം തരണമെന്നും 20 ാം തീയതിക്കകം കാര്യങ്ങൾക്ക് തീരുമാനം ആക്കി തരാമെന്നും അഖിൽ സജീവ് പറയുന്നുണ്ട്.
അതേസമയം പരാതിക്കാരനായ ഹരിദാസൻ കോഴ കൊടുത്തെന്ന് പറയുന്ന ഏപ്രിൽ 10 ന് വൈകീട്ട് മന്ത്രിയുടെ സ്റ്റാഫായ അഖിൽ മാത്യു പത്തനംതിട്ടയിൽ എന്ന് തെളിയിക്കുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്. അടുത്ത ബന്ധുവിന്‍റെ കല്യാണ ചടങ്ങിൽ മന്ത്രിക്കൊപ്പം പങ്കെടുത്തതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അഖിൽ മാത്യു തിരുവനന്തപുരത്ത് ഇല്ലായിരുന്നുവെന്ന് കുടുംബവും മന്ത്രിയുടെ ഓഫീസും പറയുമ്പോൾ പണം നൽകി എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഹരിദാസൻ.
വിവാദത്തിൽ പരാതി കിട്ടിയിട്ടും പൊലീസിന് കൈമാറാൻ വൈകിപ്പിച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിൻറെ നടപടി സംശയത്തിലാണ്. പരാതിക്കാരനായ ഹരിദാസൻറെ സുഹൃത്ത് ബാസിത് ഓഗസ്റ്റ് 17ന് മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ ഓഫീസിൽ നിന്നും പൊലീസിൽ പരാതി നൽകുന്നത് ഈ മാസം 23ന് മാത്രമായിരുന്നു. പരാതി കിട്ടിയത് ഇന്നലെയെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ വിശദീകരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















