ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ, പുരസ്കാരത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എട്ട് അന്താരാഷ്ട്ര യുദ്ധങ്ങൾ അവസാനിപ്പിച്ചത് തന്റെ വലിയ നേട്ടമാണെന്ന് ട്രംപ് ആവർത്തിച്ചു.
ലോകത്ത് എട്ട് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ താൻ മുൻകൈ എടുത്തുവെന്നും മറ്റൊരു വലിയ നേട്ടം ഉടനുണ്ടാകുമെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം അവകാശപ്പെട്ടു.
മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഞാൻ വീമ്പു പറയുകയല്ല. വസ്തുതകൾ മാത്രമാണ് പറയുന്നത്. എട്ട് യുദ്ധങ്ങളാണ് ഞാൻ അവസാനിപ്പിച്ചത്. ഒരു പ്രസിഡന്റും ഇത്രയും യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടാകില്ല- ബുധനാഴ്ച വാഷിങ്ടണിൽ തിരിച്ചെത്തിയ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തനിക്ക് സമാധാന നൊബേലിന് അർഹതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് നേരത്തേയും പലതവണ പറഞ്ഞിരുന്നു. ഇന്ത്യ-പാകിസ്ഥാൻ, ഇസ്രയേൽ-ഇറാൻ, കംബോഡിയ-തായ്ലാൻഡ്, സെർബിയ-കൊസോവോ, റുവാണ്ട-കോംഗോ, ഈജിപ്ത്-എത്യോപ്യ, അർമേനിയ-അസർബൈജാൻ സംഘർഷങ്ങൾ പരിഹരിക്കാൻ താൻ ഇടപെട്ടെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
എന്നാൽ പാകിസ്ഥാനുമായുള്ള വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യ ഈ വാദം തള്ളിയിരുന്നു.















