തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുള്ള ഇഡി അന്വേഷണം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കുക എന്ന ഗുഢലക്ഷ്യമാണ് കേന്ദ്ര സർക്കാരിനുള്ളത്. ഇതിനായുള്ള പ്രവർത്തികൾ അവർ വളരെ മുൻപ് തന്നെ തുടങ്ങിയിരുന്നു. സിപിഎം നേതാക്കളെ മോശക്കാരാക്കാനാണ് ഇഡി ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
കരുവന്നൂരിൽ ഇഡി അന്വേഷണം നടത്തി പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 2021-ൽ തന്നെ സംസ്ഥാന പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോലീസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ മികവുറ്റതായിരുന്നു. കരുവന്നൂരിലെ സംഭവം സർക്കാർ അതീവ ഗൗരവതരമായാണ് കണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സഹകരണ മേഖലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വലിയ പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്ത് കളയുകയാണ് ചെയ്യാറുള്ളത്. അല്ലാതെ പാത്രം മൊത്തം കളയുക അല്ലല്ലോ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബഹു ഭൂരിപക്ഷം സഹകരണ സംഘങ്ങളും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ 16255 സംഘങ്ങളിലും പരിശോധന നടക്കുന്നുണ്ട്. 98.5 സഹകരണ മേഖലയും കുറ്റമറ്റതാണ്. കേന്ദ്ര നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് സംശയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റ സഹകരണ മേഖല ചിലരുടെ ഉറക്കം കെടുത്തുന്നുണ്ട്. സഹകരണ മേഖല തകർക്കാൻ നേരത്തെയും ശ്രമം നടന്നിരുന്നു. നോട്ട് നിരോധന കാലത്തും ഇത് കണ്ടു. കരുവന്നൂരിൽ ആദ്യം ക്രമക്കേട് കണ്ടെത്തിയത് കേന്ദ്ര ഏജൻസികളാണ്. ഇപ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തോയുള്ള നീക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇഡിക്ക് പല ഉദ്ദേശങ്ങളും കാണുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
‘‘സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയാൻ 50 വർഷം പഴക്കമുള്ള നിയമങ്ങൾ പരിഷ്കരിച്ചു. ബാങ്കിനെ തകർച്ചയിൽനിന്ന് കരകയറ്റാനാണ് സർക്കാർ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ നീക്കങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് സംശയിക്കണം. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഉയർന്നുവന്നപ്പോൾത്തന്നെ പൊലീസും ക്രൈംബ്രാഞ്ചും ക്രിയാത്മകമായി ഇടപെട്ടു. ഈ കേസിൽ 26 പ്രതികളാണുള്ളത്. 18 എഫ്ഐആറുകളും റജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഇ.ഡി വന്നത്. എന്തായാലും ഇ.ഡിയുടെ ലക്ഷ്യം വിജയിക്കാൻ പോകുന്നില്ല.
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മേഖലാ യോഗങ്ങൾ നടത്തും. ഒക്ടോബർ 3ന് എറണാകുളത്തും അഞ്ചിന് കോഴിക്കോട്ടും മേഖലാ യോഗങ്ങൾ സംഘടിപ്പിക്കും. പദ്ധതികളുടെ അവലോകനമാകും ഈ യോഗങ്ങളുടെ മുഖ്യ അജൻഡ. അതിദാരിദ്ര്യ നിർമാർജനം, ദേശീയപാത ഉൾപ്പെടെയുള്ള പദ്ധതികൾ ചർച്ച ചെയ്യും. പുരോഗതി ഇല്ലാത്ത പദ്ധതികൾ പ്രത്യേകം ചർച്ച ചെയ്യും. ഭരണാനുമതി ലഭ്യമാക്കേണ്ട പദ്ധതികൾക്ക് അത് ലഭ്യമാക്കുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















