കൊച്ചിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത് അതിന്റെ വൈബ് ആണ്. നഗരത്തിന്റെ തിരക്കിനും ബഹളങ്ങള്‍ക്കും ഒപ്പം പഴമയും പാരമ്പര്യവും മാഞ്ഞിട്ടില്ലാത്തെ, ഇന്നലെകളെ ഇന്നോട് ചേര്‍ത്തുപിടിക്കുന്ന കൊച്ചി യിലെ കാഴ്ചകളാവട്ടെ എത്ര കണ്ടാലും തീരുകയുമില്ല.
രാവിലെ മുതല്‍ രാത്രി വരെ മിണ്ടിയും പറഞ്ഞും മടുക്കാതെ കണ്ടുനടക്കാൻ പറ്റിയ ഇടങ്ങള്‍ ഇഷ്ടംപോലെ കൊച്ചിയിലുണ്ട്. വെറുതേയൊന്ന് നടന്നാല്‍ പോലും കൊച്ചി അതിശയിപ്പിക്കും.
അടിച്ചുപൊളി കാഴ്ചകള്‍ക്കൊപ്പം കൊച്ചിയിലെ ചരിത്രകാഴ്ചകള്‍ തേടിയും ഇഷ്ടംപോലെ ആളുകള്‍ ഇവിടെ വരുന്നു. ആധിപത്യത്തിന്റെയും കയ്യേറ്റത്തിന്റെയും കുടിയേറ്റത്തിന്റെയും കഥകള്‍ പറഞ്ഞുതരുന്ന മ്യൂസിയങ്ങള്‍ ഈ ചരിത്രപ്രേമികള്‍ക്ക് വഴി കാണിക്കും. ഇതാ കൊച്ചിയില്‍ നിങ്ങള്‍ക്ക് സന്ദര്‍ശിക്കാൻ പറ്റിയ മ്യൂസിയങ്ങള്‍ ഉള്‍പ്പെടെയുള്ള 5 ചരിത്രയിടങ്ങള്‍ പരിചയപ്പെടാം…
1. കേരള ഫോക്ലോര് മ്യൂസിയം
കൊച്ചിയില്‍ തേവര ഫെറിക്ക് സമീപം പണ്ഡിറ്റ് കറുപ്പൻ റോഡില്‍ ആണ് പ്രസിദ്ധമായ കേരളാ ഫോക്ലോര് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏക ആര്‍ക്കിടെക്ച്വറല്‍ മ്യൂസിയം ആയ ഇത് ചരിത്രപ്രേമികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും മുന്നില്‍ തുറക്കുന്നത് ഇന്നലെകളുടെ ഒരു വലിയ ലോകമാണ്. ഒരു വാസ്തുവിദ്യാ ഗാലറിയാണ് ഇത് നിങ്ങളെ പരിചയപ്പെടുത്തുന്നത്.
മലബാര്‍ വാസ്തുവിദ്യ, കൊച്ചിൻ, തിരുവിതാംകൂര്‍ വാസ്തുവിദ്യാ വിദ്യാലയങ്ങള്‍ എന്നിങ്ങനെ കേരളത്തിലെ 3 വാസ്തുവിദ്യാ സ്കൂളുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വലിയ വാസ്തുവിദ്യാ സ്ഥാപനം. മൂന്നു നിലകളിലായി കലാവസ്തുക്കളും ചരിത്രസാധനങ്ങളും പുരാവസ്തുക്കളും മനോഹരമായി ഇവിടെ ക്രമീകരിച്ചിരിക്കുന്നു. കഥകളി, മോഹിനിയാട്ടം, ഓട്ടൻതുള്ളല് തുടങ്ങിയവയുടെ ചരിതത്രവും വേഷവിധാനങ്ങളും മനസ്സിലാക്കാൻ കഴിയുന്ന ഇടമാണിത്.
രണ്ടാമത്തെ നിലയായ കാഞ്ഞദളത്തെ അലങ്കരിക്കുന്നത് ചുവര് ചിത്രങ്ങളാണ്. മൂന്നാം നിലയിലെ പെര്‍ഫോമൻസ് തിയേറ്ററില്‍ ആണ് എല്ലാ ദിവസവും വ്യത്യസ്തമായ കലാപരിപാടികള്‍ അരങ്ങേറുന്നത്. രാവിലെ 09:30 മുതല്‍ വൈകുന്നേരം 06:00 വരെയാണ് പ്രവേശനം.
2. ഇന്തോ പോര്‍ച്ചുഗീസ് മ്യൂസിയം
കൊച്ചിയുടെ ചരിത്രം പറയുന്ന മറ്റൊരിടമാണ് ഫോര്‍ട്ട് കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന ഇന്തോ പോര്‍ച്ചുഗീസ് മ്യൂസിയം. കൊച്ചിയിലെ പോര്‍ച്ചുഗീസുകാരുടെ ചരിത്രം പറയുന്നതാണ് ഈ മ്യൂസിയം. ഇന്തോ-പോര്‍ച്ചുഗീസ് ക്രിസ്ത്യൻ കലയുടെ പൈതൃകം മനസ്സിലാക്കുവാൻ ഇതിലും പറ്റിയ വേറൊരു സ്ഥലമില്ല. കൊച്ചി ബിഷപ്പ് ആയിരുന്ന ഡോ. ജോസഫ് കുരീത്രയാണ് ഇതിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത്.
അഞ്ച് വിഭാഗങ്ങളുള്ള മ്യൂസിയത്തില്‍ ഒരുപാട് കലാവസ്തുക്കളും സഭയെ സംബന്ധിച്ചെടുത്തോളം വിശുദ്ധമായ വസ്തുവായ അള്‍ത്താരയുടെ ഒരു ഭാഗം, വിലകൂടിയ ലോഹങ്ങള്‍ എന്നിവയൊക്കെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. രാവിലെ 9.00 മുതല്‍ ഉച്ചയ്ക്ക് 1.00 വരെയും ഉച്ചയ്ക്ക് 2.00 മുതല്‍ വൈകിട്ട് 6.00 വരെയും ആണ് പ്രവേശനം. തിങ്കളാഴ്ചകളിലും എല്ലാ പൊതു അവധി ദിവസങ്ങളിലും പ്രവേശനമില്ല.
3. മട്ടാഞ്ചേരി പാലസ്
കൊച്ചിയല്‍ കാണാൻ പറ്റിയ മറ്റൊരു ചരിത്രയിടമാണ് മട്ടാഞ്ചേരി പാലസ്. പോര്‍ച്ചുഗീസുകാരാണ് പണിതതെങ്കിലും അറ്റുകുറ്റപ്പണി നടത്തിയ ഡച്ചുകാരുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. മട്ടാഞ്ചേരിയിലെ പാലസ് റോഡില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാരം 1545 കാലത്ത് പോര്‍ച്ചുഗസുകാര്‍ നടത്തിയ ഒരു കൊള്ളയില്‍ അസന്തുഷ്ടനായ കൊച്ചി രാജാവിനെ പ്രീതിപ്പെടുത്താനായി അവര്‍ സമ്മാനിച്ചതാണെന്നാണ് ചരിത്രം.
ചുവര് ചിത്രങ്ങള്‍, ആയുധങ്ങള്‍, രാജാവിന്റെ വസ്ത്രങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10.00 മുതല്‍ വൈകിട്ട് 5.00 വരെയാണ് ഇവിടം പ്രവര്‍ത്തിക്കുന്നത്. തിങ്കളാഴ്ചകളില്‍ അവധിയാണ്. മട്ടാഞ്ചേരിയിലെ പാലസ് റോഡിലാണ് മട്ടാഞ്ചേരി പാലസ് സ്ഥിതി ചെയ്യുന്നത്.
4. ഫോര്‍ട്ട് കൊച്ചി
എറണാകുളത്ത് എത്തിയാല്‍ ചരിത്രക്കാഴ്ചകളിലേക്ക് നമ്മളെ കൊണ്ടുപോകുന്ന സ്ഥലമാണ് ഫോര്‍ട്ട് കൊച്ചി.
ബോട്ടിറങ്ങുന്നതു മുതല്‍ ഇവിടെ കണ്ണില്‍പ്പെടുന്നതെല്ലാം ചരിത്രക്കാഴ്ചകളാണ്. പുരാതനങ്ങളായ കെട്ടിടങ്ങള്‍, ദേവാലയങ്ങള്‍, തെരുവുകള്‍, ചീനവലകള്‍ എന്നിങ്ങനെ കാഴ്ചകള്‍ നിരവധിയുണ്ട് ആസ്വദിക്കാൻ.
5. ഇന്റര്‍നാഷണല്‍ കയര്‍ മ്യൂസിയം
പട്ടികയിലെ അഞ്ചാമത്തെ ഇടമായ ഇന്റര്‍നാഷണല്‍ കയര്‍ മ്യൂസിയം പക്ഷേ, കൊച്ചിയില്‍ അല്ല സ്ഥിതി ചെയ്യുന്നത്. 44 കിലോമീറ്റര്‍ അകലെ ആലപ്പുഴയിലെ കലവൂരിലാണ് കേരളത്തിലെ ഇന്റര്‍നാഷണല്‍ കയര്‍ മ്യൂസിയം ഉള്ളത്.
കയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ചകിരിയുടെ പരിണാമം കണ്ടുമനസ്സിലാക്കാം. കയറിന്റെ കഥ പറയുന്ന ഇവിടെ വിദേശികള്‍ ഉള്‍പ്പെടെ ധാരാളം പേർ എത്തുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം