ഹൈദരാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കോടതിയില്‍ ഹാജരാക്കി. അറസ്റ്റ് ചെയ്തു 24 മണിക്കൂര്‍ ആകുന്നതിന് ഏതാനും മിനിറ്റുകള്‍ക്കു മുന്‍പാണ് നായിഡുവിനെ വിജയവാഡയിലെ അഴിമതി വിരുദ്ധ കോടതിയില്‍ ഹാജരാക്കിയത്.
ആന്ധ്രപ്രദേശ് നൈപുണ്യ വികസന കോര്‍പ്പറേഷനും സീമന്‍സ് കമ്പനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവും തമ്മിലുണ്ടാക്കിയ നൈപുണ്യ വികസന കരാറിന്റെ മറവില്‍ നടന്ന അഴിമതിയുടെ സൂത്രധാരന്‍ മുന്‍മുഖ്യമന്ത്രിയായ നായിഡുവാണെന്ന് സി.ഐ.ഡി. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിച്ചു.
ഫയലുകള്‍ ധനകാര്യ സെക്രട്ടറിയും വിദ്യഭ്യാസ വകുപ്പും കാണുന്നത് ഒഴിവാക്കാനായി കരാറൊപ്പിടുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് നൈപുണ്യ വികസന കോര്‍പ്പറേഷനെ മുഖ്യമന്ത്രിയുടെ കീഴിലാക്കിയതായും ഇതിനു പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ നായിഡുവിന്റെ മകന്‍ നരാ ലോകേഷിന് കേസിലെ പ്രതികളിലൊരാള്‍ പണം നല്‍കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്രയാണ് നായിഡുവിനു വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നായിഡുവിന്റെ വാദം കോടതി അംഗീകരിച്ചു.
ചോദ്യം ചെയ്യലുകളുമായി സഹകരിക്കാത്ത നായിഡുവിനെ വിശദമായി ചോദ്യം ചെയ്യണമെന്നും 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. നായിഡുവിന്റെ അറസ്റ്റിനെ തുടര്‌ന്ന് ആന്ധ്രപ്രദേശിലെങ്ങും അതീവ ജാഗ്രത തുടരുകയാണ്. ടി.ഡി.പി പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടുന്നതിനെ തുടര്‍ന്ന് പലയിടങ്ങളിലും സംഘര്‍ഷ സമാന സാഹചര്യം തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം