ഹൈദരാബാദ്: ആന്ധ്രാപ്രദേശ്-തെലങ്കാന അതിർത്തിയിൽ ദേശീയപാതയിൽ കിടന്ന് പ്രതിഷേധിച്ച ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ കസ്റ്റഡിയിൽ. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി വിജയവാഡയിലേക്ക് വരികയായിരുന്ന പവൻ കല്യാണിന്റെ വാഹനവ്യൂഹത്തെ പോലീസ് തടഞ്ഞിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നിറങ്ങി നടക്കാൻ തീരുമാനിച്ചതും പോലീസ് തടഞ്ഞതോടെ പവൻ കല്യാൺ റോഡിൽ നിലത്ത് കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിന് പിന്നാലെയാണ് പോലീസ് പവൻ കല്യാണിനെയും മറ്റ് ജനസേനാ നേതാക്കളെയും കസ്റ്റഡിയിൽ എടുത്തത്.
ജനാധിപത്യത്തിൽ നിർഭാഗ്യകരമായ സംഭവമാണിതെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെ കുറിച്ച് പവൻ കല്യാൺ പറഞ്ഞത്. മുൻ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത രീതി സങ്കടകരമാണ്. ഒരു നേതാവിന്റെ ഉത്തരവനുസരിച്ച് സംസ്ഥാനത്തെ അധികാരികളും ഭരണകക്ഷിയും അറസ്റ്റുചെയ്യുന്ന രീതിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ, സെപ്റ്റംബർ 9നാണ് ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു അറസ്റ്റിലായത്. ആന്ധ്രയിലെ നന്ത്യാലിൽ നിന്നും ആന്ധ്ര പോലീസിന്റെ സിഐഡി വിഭാഗമാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്.
ടിഡിപിയുടെ യുട്യൂബ് ചാനലിന്റെ സംപ്രേക്ഷണവും പോലീസ് തടഞ്ഞതായിട്ടാണ് റിപ്പോർട്ട്. നന്ത്യാൽ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് പുലർച്ചെ മൂന്നു മണിയോടെ നായിഡുവിനെ കാണാനെത്തുകയും, തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം