അമരാവതി: തെലുങ്ക് ദേശം പാർട്ടി നേതാവും ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് കത്ത് നൽകി ടിഡിപി. നായിഡുവിന്റെ അറസ്റ്റ് അനധികൃതമാണെന്നും വിഷയത്തിൽ ഇടപെടണമെന്നുമാണ് രാഷ്ട്രപതിയോടും കേന്ദ്ര നേതാക്കളോടും ടിഡിപി പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 45 വർഷമായി സംശുദ്ധ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന നായിഡുവിനെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണെന്നും ഇത് അനധികൃത നടപടിയാണെന്നുമാണ് പാർട്ടി ആരോപിക്കുന്നത്.
ആന്ധ്രാ പ്രദേശ് സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അഴിമതിക്കേസിൽ ഇന്ന് പുലർച്ചെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് നന്ദ്യാൽ പോലീസ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. പാർട്ടി പ്രവർത്തകരുടെ വലിയപ്രതിരോധം ഭേദിച്ചാണ് പോലീസ് നായിഡുവിനെ കസ്റ്റഡിയിലെടുത്തത്.
ചന്ദ്രബാബു നായിഡുവിനെ ഇന്ന് വൈകിട്ട് തന്നെ കോടതിയിൽ ഹാജരാക്കിയേക്കും. ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
നിലവിൽ നായിഡു ഉള്ളത് ഗുണ്ടൂരിലെ സിഐഡി ഓഫിസിലാണ്. വിജയവാഡയിലെ മെട്രോ പൊളിറ്റൻ മജിസ്ട്രറ്റ് കോടതിയിൽ ആണ് നായിഡുവിനെ ഹാജരാക്കുക. കോടതിക്ക് പുറത്ത് വൻ സുരക്ഷാ സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. അതേസമയം, ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ നിയമപോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ടിഡിപി. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാർഥ് ലുത്രയാണ് നായിഡുവിന് വേണ്ടി മെട്രോ പൊളിറ്റൻ കോടതിയിൽ ഹാജരാകുന്നത്.
അതിനിടെ, സംയമനം പാലിക്കണമെന്നും നിയമം കയ്യിലെടുക്കരുതെന്നും നായിഡു അണികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മുതിർന്ന പല ടിഡിപി നേതാക്കളും വീട്ടു തടങ്കലിലാണ്. പ്രതിഷേധങ്ങൾക്ക് തടയിടാനാണ് ആന്ധ്രാ പൊലീസ് ശ്രമിക്കുന്നതെന്ന് ടിഡിപി പറയുന്നു.