മലപ്പുറം: മലപ്പുറം കോണാംപാറയിൽ കനത്ത മഴയിൽ വൻ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലാണ് ഗതാഗതം തടസപെട്ടത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി മരം മുറിച്ച് മാറ്റി.
ഇന്ന് ഉച്ചയോട് കൂടിയാണ് ശക്തമായ മഴയിൽ വൻമരം കടപുഴകി വീണത്. ഇവിടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചു മാറ്റിയത്. മലപ്പുറം ജില്ലയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്.
അതേസമയം, കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ നിർത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടാവില്ലെന്ന് ജില്ലാ കളക്ടർ എ. ഗീത അറിയിച്ചു.
വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.