കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാള്‍. രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ആഘോഷവുമായി ആരാധകര്‍ എത്തി. പെരുമഴയത്തും നാല് വയസ്സുള്ള കുട്ടി മുതല്‍ നാല്‍പ്പതു വയസ്സുള്ള ആളുകള്‍ വരെ ഒരേ മനസ്സോടെ മമ്മുക്കയെ വിഷ് ചെയ്യാന്‍ ആ വീട്ടു പടിക്കല്‍ കാത്തുനിന്നു.
മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. നായകനും പ്രതിനായകനും സഹനടനുമായി വിവിധ ഭാഷകളില്‍ നാനൂറില്‍ അധികം സിനിമകളാണ് അദ്ദേഹം അഭിനയിച്ച് തീര്‍ത്തത്. തന്റെ തേച്ചു മിനുക്കിയെടുത്ത ആവേശം അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത് പകരക്കാരനില്ലാത്ത നടന്‍ എന്ന പദത്തിലേക്കാണ്.
കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതെങ്കിലും അഭിനയിച്ചഭിനയിച്ചാണ് ആ പണി എളുപ്പമാക്കാന്‍ മമ്മൂട്ടി പഠിച്ചത്. ആ പരിശ്രമങ്ങള്‍ തന്നെയാണ് മറ്റൊരാള്‍ക്കും അവകാശപ്പെടാനാകാത്ത മികവിലേക്ക് മമ്മൂട്ടിയെ വളര്‍ത്തിയത്. 1971ല്‍ കെ സേതുമാധവന്റെ സംവിധാനത്തിലൊരുങ്ങിയ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ ആയിരുന്നു മമ്മൂട്ടിയെ ആദ്യമായി സ്‌ക്രീനിലെത്തിച്ച സിനിമ. വെറും ഒരു സീന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ മമ്മുക്ക ഇന്ന് ലോകത്തിന് മുന്നില്‍ മലയാള സിനിമയുടെ തന്നെ മുഖമായി മാറി.
കെ ജി ജോര്‍ജുമായുള്ള കൂട്ടുകെട്ടിലൂടെയാണ് മമ്മൂട്ടിയുടെ കരിയറിലെ ആദ്യ ഹിറ്റുകള്‍ സംഭവിക്കുന്നത്. 1980-ല്‍ ‘മേള’യിലൂടെ ബൈക്ക് ജമ്പര്‍ വിജയന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ‘അഹിംസ’ എന്ന ചിത്രത്തിന് മികച്ച സഹനടനുള്ളതായിരുന്നു.
പിന്നീട്, അഭിനയത്തില്‍ ഫ്‌ലെക്‌സിബിലിറ്റി ഇല്ല എന്നതായിരുന്നു നടന്‍ നേരിട്ട വിമര്‍ശനങ്ങളില്‍ ഒന്ന്. എന്നാല്‍ ‘തനി ആവര്‍ത്തന’ത്തിലെ ബാലന്‍ മാഷ്, ‘വടക്കന്‍ വീരഗാഥ’യിലെ ചന്തുവും ‘മൃഗയ’യിലെ വാറുണ്ണിയുമൊക്കെ ആ വിമര്‍ശനങ്ങളെ പൊളിച്ചടുക്കി. ഏതു പരീക്ഷണത്തിനും തുടക്കക്കാരന്റെ കൗതുകത്തോടെ മമ്മൂട്ടി ഇന്നും കാത്തിരിപ്പാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം