ചെന്നൈ: പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറഞ്ഞതിന്റെ പേരിൽ പ്രമുഖ ഭക്ഷ്യ കമ്പനി ഐടിസി ലിമിറ്റഡിന് ഒരു ലക്ഷം രൂപാ പിഴയിട്ട് ഉപഭോക്തൃ കോടതി. ചെന്നൈ സ്വദേശി പി ദില്ലിബാബു 2021 ഡിസംബറിൽ നൽകിയ പരാതിയിലാണ് ചെന്നൈയിലെ ഉപഭോക്തൃ ഫോറം തീർപ്പു കൽപ്പിച്ചത്.
മണാലി സന്ദർശനത്തിനിടെ തെരുവുമൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ ചില്ലറ വിൽപ്പന കേന്ദ്രത്തിൽ നിന്നാണ് ദില്ലിബാബു രണ്ട് പാക്കറ്റ് സൺഫീസ്റ്റ് മാരി ലൈറ്റ് ബിസ്കറ്റ് വാങ്ങിയത്. കവറിന് പുറത്ത് 16 ബിസ്കറ്റ് എന്നാണ് എഴുതിയിരുന്നത് എങ്കിലും ഉള്ളിൽ 15 എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടൻ കടക്കാരനെയും പിന്നീട് ഐടിസിയെയും സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് ദില്ലിബാബു പരാതി നൽകിയത്.
കേസ് പരിഗണിക്കവെ, എണ്ണത്തിന്റെ പേരിലല്ല, ഭാരത്തിന്റെ പേരിലാണ് ബിസ്കറ്റുകൾ പാക്ക് ചെയ്യുന്നത് എന്നാണ് ഐടിസി വാദിച്ചത്. ആകെ ഭാരം 76 ഗ്രാമാണ് എന്നും അത് പുറത്ത് എഴുതിയിട്ടുണ്ട് എന്നും കമ്പനി വാദിച്ചു. വാദം പരിശോധിച്ച കോടതി പാക്കറ്റിന്റെ ഭാരം 74 ഗ്രാം മാത്രമേ ഉള്ളൂവെന്ന് കണ്ടെത്തി. ഇതോടെയാണ് പിഴ ചുമത്താനുള്ള കോടതി വിധി.
ബിസ്കറ്റിന്റെ എണ്ണം പാക്കറ്റിൽ പറഞ്ഞിട്ടുണ്ടെന്നും ഇതാണ് ഉപഭോക്താക്കൾ കാണുന്നതെന്നും കോടതി നിലപാടെടുത്തു. ഇത് നോക്കിയാണ് പലരും ഉത്പന്നം വാങ്ങുന്നത്. അതുകൊണ്ട് തന്നെ ഇത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കലാണ്. ഇത് തെറ്റായ കച്ചവട രീതിയാണെന്നും കോടതി കുറ്റപ്പെടുത്തി. ഈ ബാച്ചിലുള്ള ബിസ്കറ്റ് വില്പന നിർത്തിവെക്കണമെന്നും കോടതി നിർദേശം നൽകി.
പരാതിയിൽ പറയുന്നത് ഇങ്ങനെ; ഓരോ ബിസ്കറ്റിനും 75 പൈസയാണ് വില വരുന്നത്. ഒരു ദിവസം കമ്പനി നിർമിക്കുന്നത് 50 ലക്ഷം പാക്കറ്റ് ബിസ്കറ്റ്. അങ്ങനെയാണ് എങ്കിൽ ഓരോ ദിവസവും ഉപഭോക്താക്കളെ പറ്റിച്ച് കമ്പനി നേടിയെടുക്കുന്നത് 29 ലക്ഷം രൂപയാണ്.
കമ്പനിക്ക് നൂറു കോടി പിഴ ചുമത്തണമെന്നും പത്തു കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. ഇത് പെരുപ്പിച്ച തുകയാണെന്നും ബിസ്ക്കറ്റ് വിറ്റ കച്ചവടക്കാരന് തെറ്റിൽ പങ്കില്ലാത്തതിനാൽ അയാൾക്കെതിരെ നടപടിയെടുക്കാനാവില്ലെന്നും കോടതി നിലപാടെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം