ബോളിവുഡിലെ ഓണ്‍ സ്‌ക്രീന്‍, ഓഫ് സ്‌ക്രീന്‍ പ്രണയ ജോഡികളായിരുന്നു അക്ഷയ് കുമാറും രവീണ ടണ്ടനും! ഗോസിപ് കോളങ്ങളില്‍ ഏറെ നിറഞ്ഞുനിന്ന പ്രണയം! വിവാഹത്തോളം എത്തിയ താരപ്രണയം. ഒടുവില്‍ ഇരുവരും വിവാഹത്തില്‍ നിന്ന് പിന്മാറി. കാരണം ഇരുവരും വ്യക്തമാക്കിയില്ല. രണ്ടു പേരും രണ്ടു ജീവിതങ്ങള്‍ തിരഞ്ഞെടുത്തു, കരിയറുമായി മുന്നോട്ടുപോയി.
പ്രണയത്തില്‍ നിന്ന് പിന്മാറിയപ്പോഴും ഇരുവരും പരസ്പരം ചെളിവാരിയെറിഞ്ഞില്ല, കുറ്റപ്പെടുത്തിയില്ല. ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തു. ഒരിക്കല്‍, ഒരു അഭിമുഖത്തില്‍ രവീണ അക്ഷയ് കുമാറിനെ വിശേഷിപ്പിച്ചത് ബോളിവുഡിലെ നെടുംതൂണുകളില്‍ ഒരാള്‍ എന്നാണ്!
വ്യക്തി ജീവിതത്തിനൊപ്പം, വെള്ളിത്തിരയിലും പിന്നീട് അക്ഷയ് കുമാറും രവീണയും ഒരുമിച്ചില്ല. ഇരുവരും സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്തിട്ട് ഏതാണ്ട് രണ്ടു പതിറ്റാണ്ടായി.
വെല്‍ക്കം ടു ദി ജഗിള്‍ എന്ന ചിത്രത്തിലൂടെ അക്ഷയും രവീണയും സ്‌ക്രീനില്‍ വീണ്ടും ഒരുമിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാറിനൊപ്പം സഞ്ജയ് ദത്ത്, അര്‍ഷാദ് വര്‍സി, സുനില്‍ ഷെട്ടി, ദിശ പട്ടാനി, ജാക്വലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നു എന്നും ഫിലിം ഫെയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.