തിരുവനന്തപുരം: വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് (വിഎസ്‌എസ്‌സി) ഞായറാഴ്‌ച നടന്ന റിക്രൂട്ട്മെന്റ് പരീക്ഷ റദ്ദാക്കി. പരീക്ഷാ ക്രമക്കേടിന് തുടർന്നാണ് നടപടി. ടെക്‌നീഷ്യൻ B കാറ്റഗറി, ഡ്രൗട്ട്‌സ്‌മാൻ B, റേഡിയോഗ്രാഫർ A എന്നീ പരീക്ഷകളാണ് റദ്ദാക്കിയത്. പുതിയ പരീക്ഷാ തീയതി വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും വിഎസ്‌എസ്‌സി അറിയിച്ചു.
രാജ്യവ്യാപകമായി വിഎസ്‌എസ്‌സി നടത്തിയ പരീക്ഷയിലായിരുന്നു ക്രമക്കേട്. തട്ടിപ്പ് നടത്തിയ ഹരിയാന സ്വദേശികളായ സുനിൽ, സുമിത്ത് എന്നിവരെയാണ് ആദ്യം അറസ്‌റ്റ് ചെയ്‌തത്. പിന്നാലെ നാല് പേരെ കൂടി അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇതിൽ രണ്ടുപേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. പരീക്ഷക്കെത്തുന്ന ഹരിയാന സ്വദേശികൾ തട്ടിപ്പ് നടത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ഇതു സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. സൈബർ സെൽ ഡിവൈഎസ്പി കരുണാകരനാണ് അന്വേഷണ സംഘത്തലവൻ. മ്യൂസിയം, കന്റോൺമെന്റ്, മെഡിക്കൽ കോളജ്, സൈബർ സെൽ സിഐമാർ സംഘത്തിലുണ്ട്. കോപ്പിയടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൈബർ സെൽ വിശദമായി അന്വേഷിക്കും. മൂന്ന് സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റർ ചെയ്തത്.
പരീക്ഷയിൽ ആൾമാറാട്ടം നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും. തലസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ നടന്നത്. ഇതിൽ പട്ടം സെന്റ് മേരീസ് സ്‌കൂളിൽ പരീക്ഷ എഴുതിയ ആളാണ് പിടിയിലായ സുമിത്ത്. വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിൽ പരീക്ഷ എഴുതിയ ആളാണ് സുനിൽ. സുനിതിനെ മെഡിക്കൽ കോളേജ് പോലീസും സുനിലിനെ മ്യൂസിയം പോലീസുമാണ് അറസ്‌റ്റ് ചെയ്‌തത്.
ഇവർ വയറിൽ ബെൽറ്റ് കെട്ടി ഫോൺ സൂക്ഷിച്ച ശേഷം ചോദ്യപേപ്പറിലെ ചോദ്യങ്ങൾ സ്‌ക്രീൻ വ്യൂവർ വഴി പുറത്തുള്ളയാൾക്ക് ഷെയർ ചെയ്‌തു. ശേഷം ബ്ളൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ട് എഴുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്‌തമാക്കി.സുമിത്ത് 80ൽ 70 ചോദ്യങ്ങൾക്കും സുനിൽ 30 ചോദ്യങ്ങൾക്കും ഉത്തരമെഴുതി.
ഹരിയാനയില്‍ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നില്‍ എന്നാണ് കണ്ടെത്തല്‍. ഹരിയാനക്കാരായ 469 പേരാണ് പരീക്ഷയില്‍ പങ്കെടുത്തത്. തട്ടിപ്പിന് പിടിയിലായതും ഹരിയാന സ്വദേശികള്‍. ഇത്രയും പേര്‍ ഹരിയാനയില്‍ നിന്ന് പങ്കെടുത്തതിലെ അസ്വാഭാവികതയും പൊലീസ് അന്വേഷിക്കും. ഹരിയാനയിലെ കോച്ചിംഗ് സെന്ററാണ് തട്ടിപ്പിന്റെ പ്രധാന കേന്ദ്രം.
പൊലീസിന് ലഭിച്ച ഫോണ്‍കോളിലൂടെയാണ് തട്ടിപ്പ് കണ്ടത്താൻ സാധിച്ചത്. ഹെഡ് സെറ്റും ഫോണും ഉപയോഗിച്ച് പരീക്ഷ എഴുതാൻ ശ്രമമുണ്ടാകുമെന്നായിരുന്നു മ്യൂസിയം പോലീസിന് ഹരിയാനയില്‍ നിന്ന് ലഭിച്ച സന്ദേശം. കോച്ചിംഗ് സെന്ററുകളുടെ കിടമത്സരമാണ് രഹസ്യം ചോര്‍ത്തിയതെന്നാണ് നിഗമനം. സന്ദേശത്തെ തുടര്‍ന്ന് പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുകയായിരുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് പകരം ആള്‍മാറാട്ടത്തിലൂടെ പരീക്ഷ എഴുതിയവര്‍ക്ക് വൻ പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ ഫോണ്‍ ആള്‍മാറാട്ടം നടത്തിയവരുടെ പക്കല്‍ നല്‍കിയിരുന്നു. വിമാന ടിക്കറ്റ് ഉള്‍പ്പെടെ ഇവര്‍ക്ക് നല്‍കുകയും ചെയ്തു. നൂറുകണക്കിനു പേര്‍ പങ്കെടുക്കുന്ന പരീക്ഷയായിട്ടും വിഎസ്‌എസ്‌സി സുരക്ഷാ പരിശോധനകള്‍ നടത്താത്തത് തട്ടിപ്പുകാര്‍ക്ക് സഹായകരമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം