ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിനെതിരെ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ശാന്തിപ്രിയ. ഒരു ചിത്രത്തിന്റെ സെറ്റിൽവെച്ച് തന്റെ കാൽമുട്ടിന്റെ നിറത്തേക്കുറിച്ച് അക്ഷയ് കുമാർ പരസ്യമായി പരിഹസിച്ചുവെന്നാണ് ശാന്തിപ്രിയ പറഞ്ഞത്. അഭിനയജീവിതത്തിൽ നിന്ന് വിട്ടുനിന്ന ശേഷം തിരികെ സിനിമയിലേക്ക് വരാനുള്ള താത്പര്യം പ്രകടിപ്പിച്ചപ്പോൾ തന്നെ അക്ഷയ് കുമാർ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചെന്ന് വെളിപ്പെടുത്തിയതിനുപിന്നാലെയാണ് പുതിയ ആരോപണവുമായി ശാന്തിപ്രിയ രംഗത്തെത്തിയത്.
ഒരു ദേശീയ മാധ്യമത്തിനുനൽകിയ അഭിമുഖത്തിലാണ് ശാന്തിപ്രിയ തന്റെ ആദ്യനായകനായ അക്ഷയ് കുമാറിനെതിരെ തുറന്നുസംസാരിച്ചത്. ഇക്കേ പേ ഇക്ക എന്ന ചിത്രത്തിന്റെ സെറ്റിൽ നടന്ന സംഭവമാണവർ ഓർത്തെടുത്തത്. ചിത്രീകരണത്തിനിടെ തന്റെ കാൽമുട്ടിലെ കറുപ്പുനിറത്തേക്കുറിച്ച് എല്ലാവരുടേയും മുന്നിൽവെച്ച് അക്ഷയ് കുമാർ കളിയാക്കിയെന്നും ഇതേ തുടർന്ന് ഡിപ്രഷനിലായെന്നും ശാന്തിപ്രിയ പറഞ്ഞു. അതുവരെ സ്റ്റോക്കിങ്സ് ധരിച്ചിരുന്ന താൻ ഈ സംഭവത്തിനുശേഷം ഡബിൾ സ്റ്റോക്കിങ്സ് ധരിക്കാൻ തുടങ്ങിയെന്നും ശാന്തിപ്രിയ ചൂണ്ടിക്കാട്ടി.
read more രണ്ടാം ട്വന്റി 20യിലും തകര്‍പ്പന്‍ വിജയം; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് പരമ്പര
“ഡിപ്രഷനിലേക്കുപോകുമ്പോൾ എനിക്ക് 22-23 വയസുണ്ടാവും. ഞങ്ങൾക്ക് ശക്തമായ പിന്തുണയേകി തൂണുപോലെ നിന്നത് അമ്മയായിരുന്നു. കാരണം ഇത്തരം സംഭവങ്ങൾ തെന്നിന്ത്യയാകട്ടെ ബോളിവുഡ് ആകട്ടെ, ഇൻഡസ്ട്രിയിൽ നിന്ന് ഞങ്ങൾ അതിനോടകം നേരിട്ടിരുന്നു. എന്റെ സഹോദരി ഭാനുപ്രിയ ഇത്തരം ഒരുപാട് അനുഭവങ്ങളെ അഭിമുഖീകരിച്ചിരിക്കുന്നു. ചേച്ചിയുടെ മുഖക്കുരുവിനെക്കുറിച്ചുവരെ ഹിന്ദിയിലെ മാധ്യമങ്ങൾ എഴുതിയിരുന്നു. മുഖക്കുരു എത്രയുണ്ടെന്ന് നോക്കിയിട്ടാണ് അവർക്ക് പ്രതിഫലം നൽകിയിരുന്നതെന്നുവരെ കഥകൾ പ്രചരിച്ചു. ഇപ്പോൾ എന്റെ ആൺമക്കളും ഇതേ കുറ്റപ്പെടുത്തൽ നേരിടുന്നുണ്ട്.” ശാന്തി പറഞ്ഞു.
കമന്റിനേക്കുറിച്ച് അക്ഷയ് കുമാറിനോട് സംസാരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അന്ന് താനുണ്ടായിരുന്നതെന്ന് ശാന്തിപ്രിയ ഓർമിച്ചു. ക്ലൈമാക്സ് സീനായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. അക്ഷയ് കുമാറിന്റെ വാക്കുകൾ കേട്ട് സെറ്റിലുണ്ടായിരുന്നവർ മുഴുവൻ പൊട്ടിച്ചിരിച്ചു. എന്നാൽ തന്റെ മുഖം കണ്ടപ്പോൾ അതൊരു തമാശയായിട്ടല്ല താനെടുത്തത് എന്ന് അവർക്ക് മനസിലായി. തുടർന്ന് അതൊരു തമാശയായിക്കണ്ടാൽ മതിയെന്നാണ് അക്ഷയ് പറഞ്ഞത്. അല്ലാതെ മാപ്പുപറയുകയായിരുന്നില്ലെന്നും ശാന്തിപ്രിയ കൂട്ടിച്ചേർത്തു.
ബോളിവുഡിലെ മുൻകാല നായികയാണ് ശാന്തിപ്രിയ. സൂപ്പർതാരമായ അക്ഷയ് കുമാറിന്റെ ആദ്യനായിക കൂടിയാണ് അവർ. 1991-ൽ പുറത്തിറങ്ങിയ സൗഗന്ധ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. തുടർന്ന് മുപ്പതോളം ചിത്രങ്ങളിൽ ശാന്തിപ്രിയ അഭിനയിച്ചു. മലയാളമുൾപ്പെടെ വിവിധ ഭാഷാ ചിത്രങ്ങളിലൂടെ സുപരിചിതയായ നടി ഭാനുപ്രിയയുടെ സഹോദരിയാണ് ശാന്തിപ്രിയ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം