തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തന്നെ ഉള്‍പ്പെടുത്തിയതില്‍ നേതൃത്വത്തോട് നന്ദി അറയിച്ച് ശശി തരൂർ എം.പി. തന്റെ സഹപ്രവർത്തകരോടൊപ്പം പാർട്ടിയെ സേവിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എക്സിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം.
‘കോണ്‍ഗ്രസ് നേതൃത്വവും പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തന്നെ വര്‍ക്കിങ് കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ നന്ദിയുണ്ട്. കഴിഞ്ഞ 138 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്നതില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി വഹിച്ച ചരിത്രപരമായ പങ്കിനെ കുറിച്ച് അറിയാവുന്ന ആളെന്ന നിലയില്‍ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ വിനീതനും നന്ദിയുള്ളവനുമാണ്. പാര്‍ട്ടിയുടെ ജീവവായുക്കളായ ലക്ഷക്കണക്കിന് പ്രതിബദ്ധതയുള്ള പ്രവര്‍ത്തകരെ കൂടാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. അര്‍പ്പണബോധമുള്ള സഹപ്രവര്‍ത്തകര്‍ക്കൊപ്പം പാര്‍ട്ടിയെ സേവിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്’. ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
39 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ പരമോന്നത സംഘടന സമിതി പുനസംഘടിപ്പിച്ചത്. നിലവില്‍ പ്രവര്‍ത്തക സമിതി അംഗമായ കേരളത്തില്‍ നിന്നുള്ള എ കെ ആന്റണിയെ സമിതിയില്‍ നിലനിര്‍ത്തി. പ്രവര്‍ത്തകസമിതിയില്‍ ആറുപേര്‍ വനിതകളാണ്. കെസി വേണുഗോപാലും അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ മത്സരിച്ച ശശി തരൂരുമാണ് കേരളത്തില്‍നിന്ന് പ്രവര്‍ത്തകസമിതിയില്‍ എത്തിയ മറ്റുള്ളവര്‍. രമേശ് ചെന്നിത്തല ഉള്‍പ്പെടെ 32 സ്ഥിര ക്ഷണിതാക്കളും ,കൊടിക്കുന്നില്‍ സുരേഷ് അടക്കം 13 പ്രത്യേക ക്ഷണിതാക്കളുമുണ്ട്.
തിരുത്തല്‍വാദികളായ ജി23 ഗ്രൂപ്പ് അംഗങ്ങള്‍ മുകുള്‍ വാസ്‌നിക്, ആനന്ദ് ശര്‍മ എന്നിവരും പ്രവര്‍ത്തകസമിതിയില്‍ ഉണ്ട്. മനീഷ് തിവാരി സ്ഥിരം ക്ഷണിതാവാണ്. അശോക് ഗലോട്ടുമായി പരസ്യപൊരുതുറന്ന സച്ചിന്‍ പൈലറ്റ് പ്രവര്‍ത്തകസമിതിയിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ എത്തി. മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം തള്ളിയാണ്, പൈലറ്റിനെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയത്. ഈ നീക്കം രാജസ്ഥാനില്‍ ഗുണം ചെയ്യും എന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. റായ്പുര്‍ പ്ലീനറിയില്‍ പ്രവര്‍ത്തകസമിതി അംഗങ്ങളുടെ എണ്ണം 25-ല്‍ നിന്ന് 35 ആക്കി ഉയര്‍ത്താന്‍ ഉള്ള തീരുമാനമാണ് പുനസംഘടനയിലൂടെ നടപ്പാക്കിയത്.യുവാക്കള്‍ സ്ത്രീകള്‍ ദളിത് പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായിട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം