ന്യൂഡൽഹി: ഡൽഹിയിലെ സീറ്റുവിഭജന വിവാദത്തിനു പിന്നാലെ എഎപി–കോണ്‍ഗ്രസ് ഇടച്ചിൽ വ്യക്തമാക്കുന്ന പുതിയ പ്രസ്താവനയുമായി ഡൽഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജ്‌രിവാൾ. ഛത്തീസ്ഗഡിലെ സ്കൂളുകളുടെ നിലവാരമുയർത്താൻ അധികാരമാറ്റം വേണമെന്ന കേജ്‌രിവാളിന്റെ പ്രസ്താവനയാണ് ‘ഇന്ത്യ’ മുന്നണിക്കുള്ളിൽ വീണ്ടും ഭിന്നതകള്‍ക്ക് വഴിവെച്ചത്. ഈ വര്‍ഷം അവസാനം ഛത്തീസ്ഗഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് എഎപിയും കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടല്‍.
‘‘ഛത്തീസ്ഗഡിലെ സർക്കാർ സ്കൂളുകൾ ശോചനീയവസ്ഥയിലാണെന്നുള്ള റിപ്പോർട്ടു കണ്ടു. നിരവധി സ്കൂളുകൾ അവർ അടച്ചുപൂട്ടി. അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ല. എന്നാൽ ഡൽഹിയിലെ സ്കൂളുകൾ നോക്കൂ, വിദ്യാഭ്യാസ മേഖലയ്ക്കായി ഇത്രയധികം പ്രവർത്തിക്കുന്ന മറ്റൊരു സർക്കാർ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഞങ്ങൾ രാഷ്ട്രീയക്കാരല്ല, നിങ്ങളേപ്പോലെ സാധാരണക്കാരാണ്.’’ – റായ്പുരിൽ നടന്ന പൊതുപരിപാടിയിൽ കേജ്‌രിവാൾ പറഞ്ഞു.
കെജ്രിവാളിന്റെ താരതമ്യത്തിനേതിരേ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്തെത്തി. ഛത്തീസ്ഗഡിനെ ഡല്‍ഹിയുമായല്ല താരതമ്യം ചെയ്യേണ്ടതെന്നും ഛത്തീസ്ഗഡിലെ മുന്‍ സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരുമായി വേണം താരതമ്യം ചെയ്യാനെന്നും പവന്‍ ഖേര പറഞ്ഞു. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഏതു മേഖലയിലയിലും ഛത്തീസ്ഗഡ് സര്‍ക്കാരിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും പ്രകടനം താരതമ്യം ചെയ്യാന്‍ തയ്യാറാണ്. ഒരു സംവാദത്തിന് തയ്യാറുണ്ടോ എന്നും ഖേര ചോദിച്ചു.
പൊതുതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിവാദത്തിന് തുടക്കമിട്ടത് കോൺഗ്രസ് നേതാവ് അൽക്ക ലാംബയായിരുന്നു. ഡൽഹിയിലെ ഏഴു സീറ്റുകളിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു അല്‍ക്കയുടെ പ്രതികരണം. ഇതിൽ എതിർപ്പുമായി എഎപി രംഗത്തു വന്നതോടെ കോൺഗ്രസ് പിന്നീട് നിലപാടിൽ വ്യക്തത വരുത്തി. അൽക്കയുടെ പ്രസ്താവന അവരുടെ മാത്രം അഭിപ്രായമാണെന്നും ചർച്ചകൾ നടക്കുന്നതേയുള്ളൂവെന്നും ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദീപക് ബാബരിയ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം