കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ ഹോട്ടലിന്റെ കോണ്‍ക്രീറ്റ് ബീം അടര്‍ന്നുവീണ് ലോട്ടറിജീവനക്കാരൻ മരിച്ചു. പായിപ്പാട് പള്ളിയ്ക്കച്ചിറ കല്ലുപ്പറമ്ബ് വീട്ടില്‍ കെ ജെ എബ്രഹാമിന്റെ മകൻ ജിനോ കെ എബ്രഹാം (46) ആണ് മരിച്ചത്. വ്യാഴം രാത്രി ഒൻപതോടെയായിരുന്നു സംഭവം.
നഗരസഭ കാര്യാലയത്തിന് എതിര്‍വശത്ത് സ്ഥിതിചെയ്യുന്ന രാജധാനി ഹോട്ടല്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ബീം അടര്‍ന്നുവീഴുകയായിരുന്നു. ജോലികഴിഞ്ഞ് പുറത്തേയ്ക്കിറങ്ങിയതായിരുന്നു ജിനോ. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരനാണ്. ഹോട്ടലിന്റെ ജനലിനോട് ചേര്‍ന്ന് നിര്‍മിച്ച കമാനത്തിന്റെ കോണ്‍ക്രീറ്റ് ബീം റോഡില്‍ നിന്ന ജിനോയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഇഷ്ടിക കഷണം ഉള്‍പ്പെടെ തലയിലും ശരീരത്തിലും പതിച്ചു.
ഗുരുതരമായി പരിക്കേറ്റ ജിനോയെ ഉടൻ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. അപകടം അന്വേഷിക്കുമെന്നും നിര്‍മാണത്തിലെ അപാകതയാകാം അപകടത്തിന് ഇടയാക്കിയതെന്നും പൊലീസ് പറഞ്ഞു. ജിനോയുടെ ഭാര്യ: ഷീജ. മക്കള്‍: അഡോണ്‍, അര്‍ഷോ.