ഓണം എത്തുന്നതുനുമുമ്പേ സഞ്ചാരികൾ അഞ്ചുരുളിയിലേക്ക് എത്തിതുടങ്ങി.അവധി ദിവസങ്ങൾ ആഘോഷിക്കാനായി അഞ്ചുരുളി, അയ്യപ്പൻകോവിൽ ടുറിസ്റ്റ് കേന്ദ്രങ്ങളിൽ സഞ്ചാരികൾ ഒഴുകി തുടങ്ങി.ഇടുക്കി ജലാശയത്തിന്റെ വിദൂര ദൃശ്യമാണ് രണ്ട് പ്രദേശങ്ങളുടെയും മനോഹാരിതക്ക് മാറ്റുകൂട്ടുന്നത്. അഞ്ചുരുളി ജലാശയവും ടണൽ മുഖവും കാണാൻ സഞ്ചാരികൾ ധാരാളമായി എത്തി തുടങ്ങി.
കട്ടപ്പനയിൽനിന്ന് കുട്ടിക്കാനം റൂട്ടിൽ അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ കാക്കട്ട്കടയിലെത്താം. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞു വീണ്ടും നാലുകിലോമീറ്റർ യാത്ര ചെയ്താൽ അഞ്ചുരുളിയാകും.ഇടുക്കി ജലാശയത്തിന് നടുവിൽ ഉരുളി കമഴ്ത്തിവെച്ചത് പോലെ അഞ്ച് പച്ചത്തുരുത്തുകൾ.അതിനാലാണ് ഈ പ്രദേശത്തിന് അഞ്ചുരുളി എന്ന പേര് വന്നതെന്നാണ് പറയപ്പെടുന്നത്.
അഞ്ചുരുളി വെള്ളച്ചാട്ടവും ഇടുക്കി ജലാശയത്തിന്റെ മനോഹരമായ വിദൂര കാഴ്ചയും ഏതൊരു സഞ്ചാരിയുടെയും മനം കവരുന്ന കാഴ്ചയാണ്.ഇരട്ടയാർ ഡാമിൽനിന്ന് ഇടുക്കി ജലാശയത്തിലേക്ക് വെള്ളം എത്തിക്കുന്ന ആറു കിലോമീറ്റർ നീളം വരുന്ന തുരങ്കവും തുരങ്കമുഖത്തെ വെള്ളച്ചാട്ടവും എക്കാലവും സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കാഴ്ചകളാണ്.അഞ്ചുരുളിയുമായി ബന്ധപ്പെട്ട് റിസോർട്ടുകളും ഹോം സ്റ്റേകളും സജീവമാണ്.
ടൂറിസ്റ്റുകളുടെ മറ്റൊരു പ്രധാന ആകർഷണ കേന്ദ്രം അയ്യപ്പൻകോവിൽ തൂക്കുപാലമാണ്.ഇടുക്കി ജലാശയത്തിനു കുറുകെ നിർമിച്ചിരിക്കുന്ന തൂക്കുപാലം വലുപ്പംകൊണ്ടും നീളംകൊണ്ടും സംസ്ഥാനത്തെ തന്നെ വലിയ തൂക്കുപാലങ്ങളിൽ ഒന്നാണ്. ഇതിലൂടെ കയറി മറുകരയിലെത്തി തിരിച്ചു വരുകയെന്നത് ആരെയും ആകർഷിക്കുന്നതാണ്. പാലത്തിൽനിന്ന് നോക്കിയാൽ പരന്നു കിടക്കുന്ന പെരിയാറും ഇടുക്കി ജലാശയവും മനോഹരമായ കാഴ്ചയാണ്. ഇപ്പോൾ പാലത്തിൽ ഒരേ സമയം കുറച്ചു പേർക്ക് മാത്രമേ കയറാനാകു. പാലത്തിന്റെ കൈവരികളിലെ നട്ടും ബോൾട്ടും ഇളകിയിട്ടുണ്ട്.ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം