ന്യൂയോർക്ക്: ആഗസ്റ്റ് 13 ഞായറാഴ്ച ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസ്സിയേഷൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട “ക്വീൻസ് ഇന്ത്യാ ഡേ പരേഡ്” വളരെ വിജയപ്രദമായും പ്രൗഡ്ഢ ഗംഭീരമായും പര്യവസാനിച്ചു. വളരെയധികം ജനശ്രദ്ധ നേടി ഫ്ലോറൽ പാർക്ക് ഹിൽസൈഡ് അവന്യൂവിലൂടെ ‘”ഭാരത് മാതാ കീ ജയ്” എന്നും “വന്ദേ ഭാരത്” എന്നും “ബോലോ ഭാരത് മഹാൻ” എന്നുമുള്ള ധ്വനികൾ അലയടിച്ച് മുന്നേറിയ പരേഡ് ഇന്ത്യയുടെ മഹത്വം അമേരിക്കൻ ജനതയുടെ മദ്ധ്യത്തിൽ വിളിച്ചോതുന്നതിന് ഉതകുന്ന പ്രകടനമായിരുന്നു.
also read.. രാജ്യം 77-മത് സ്വാതന്ത്ര്യദിന ആഘോഷ നിറവിൽ; ഡൽഹിയിൽ കനത്ത സുരക്ഷ; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും
വിവിധ സംഘടനകളുടെ ഫ്ളോട്ടുകളും സംഘടനാ അംഗംങ്ങളും അണിനിരന്ന പരേഡ് നട്ടുച്ചയുടെ ശക്തമായ ചൂടിലും അതൊന്നും വകവെക്കാതെ ഒരു മണിക്കൂറിലധികം സമയമെടുത്ത് 263- മത് സ്ട്രീറ്റിൽ നിന്നും ആരംഭിച്ച് മന്ദം മന്ദം മുന്നേറി കോമ്മൺവെൽത്ത് ബൊളവാടിലൂടെ ഗ്രിഗോറിയൻ ഓഡിറ്റോറിയത്തിൽ എത്തിചേർന്നപ്പോൾ ദേശഭേദമെന്യേ നൂറു കണക്കിന് ആളുകളാണ് പരേഡിനെ വരവേൽക്കുവാൻ കാത്തു നിന്നത്. ബോളിവുഡ് സിനിമാ-സീരിയൽ നടിയും ഗായികയുമായ കനിഷ്ക സോണി പരേഡിന്റെ ഗ്രാൻഡ് മാർഷൽ ആയിരുന്നു.
വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ധാരാളം പേർ പരേഡിൽ പങ്കെടുത്തെങ്കിലും മലയാളീ സംഘടനകളുടെയും അമേരിക്കൻ മലയാളികളുടെയും നിറഞ്ഞ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി. ഇൻറർനാഷനൽ പ്രസിഡന്റ് തോമസ് മൊട്ടക്കലിന്റെ നേതൃത്വത്തിൽ വേൾഡ് മലയാളീ കൗൺസിൽ (ഗ്ലോബൽ), ഡോ. അന്നാ ജോർജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നേഴ്സസ് അസ്സോസ്സിയേഷൻ ഓഫ് ന്യൂയോർക്ക്, ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള എക്കോ, ലീല മാരേട്ടിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ്, ഫോമാ, ഫൊക്കാനാ, ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്, പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്സ് ഇൻ നോർത്ത് അമേരിക്ക തുടങ്ങിയ വിവിധ മലയാളീ സംഘടനകളുടെ ഫ്ളോട്ടുകൾ പരേഡിന് നിറപ്പകിട്ടാർന്നു.
ഇന്ത്യ ഡേ പരേഡ് ഓഫ് ലോങ്ങ് ഐലൻഡ്, ഉത്തർ പ്രദേശ് അസ്സോസ്സിയേഷൻ ഓഫ് ന്യൂയോർക്ക്, ജെയിൻ ടെമ്പിൾ ഓഫ് ന്യൂയോർക്ക്, ക്വീൻസ് വില്ലേജ് റിപ്പബ്ലിക്കൻ ക്ലബ്ബ്, തുടങ്ങി നിരവധി മറ്റ് സംഘടനകളുടെ അംഗങ്ങളും പരേഡിൽ പങ്കെടുത്തവരിൽപ്പെടുന്നു. കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ, സീറോ മലബാർ ചർച്ച്, ഡ്രം ബീറ്റ്സ് ഓഫ് ലോങ്ങ് ഐലൻഡ് എന്നീ ചെണ്ട ടീമുകളുടെ മലയാളിത്തനിമയും സംസ്കാരവും വിളിച്ചോതുന്ന ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മുന്നേറിയ പരേഡ് ഏവർക്കും ഉല്ലാസപ്രദമായിരുന്നു.
പ്രാദേശികമായി വിവിധ രാഷ്ട്രീയ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് മത്സരിക്കുവാൻ തയ്യാറെടുക്കുന്ന സ്ഥാനാർഥികളും വോട്ടർമാരെ നേരിൽ കാണുവാനും വോട്ട് അഭ്യർഥിക്കുവാനുമുള്ള അവസരമായി പരേഡിൽ പങ്കെടുത്തു. അതിൽ നാസ്സോ കൗണ്ടി ഡിസ്ട്രിക്ട് 13-ൽ നിന്നും ലെജിസ്ലേറ്റർ സ്ഥാനത്തേക്ക് മത്സരിക്കുന്ന മലയാളിയായ ബിജു ചാക്കോയുടെയും യു.എസ്. കോൺഗ്രസ്സ് ഡിസ്ട്രിക്ട് 4-ൽ നിന്നും കോൺഗ്രസിലേക്ക് മത്സരിക്കുന്ന മലയാളിയായ സെനറ്റർ കെവിൻ തോമസിന്റെയും സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി.
പരേഡിന് ശേഷം ഗ്രിഗോറിയൻ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ധാരാളം പ്രാദേശിക രാഷ്ട്രീയ സാമൂഹിക നേതാക്കളും പങ്കെടുത്തു. ന്യൂയോർക്ക് മേയർ എറിക്ക് ആദംസിന്റെ സാന്നിദ്ധ്യം പരേഡ് പൊതുസമ്മേളനത്തിന് പ്രത്യേക ഉണർവ്വ് നൽകി. ഫ്ലോറൽ പാർക്ക്- ബെല്ലറോസ് ഇന്ത്യൻ മെർച്ചന്റ്സ് അസ്സോസ്സിയേഷൻ പ്രസിഡന്റ് കോശി ഓ തോമസ് മേയറെ സദസ്സിനു പരിചയപ്പെടുത്തുകയും ഇന്ത്യ ഡേ പരേഡിന്റെ പേരിലുള്ള സ്നേഹോപകരമായി പ്ലാക് മേയർക്ക് സമ്മാനിക്കുകയും ചെയ്തു. സാഹോദര്യത്തിന്റെയും ഐക്യതയുടെയും പ്രതീകമായി പരേഡ് കമ്മറ്റി ചെയർമാൻ ഡെൻസിൽ ജോർജ് ഒരു ഇന്ത്യൻ പതാകയും ഒരു അമേരിക്കൻ പതാകയും ചേർത്ത് മേയർക്ക് സമ്മാനിച്ചതും വേറിട്ടൊരനുഭവമായിരുന്നു. പരേഡിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിൻറെ പ്രകാശനവും മേയർ നിർവഹിച്ചു. ന്യൂയോർക്ക് അസ്സെംബ്ലിയിലെ ആദ്യ ഇന്ത്യൻ വംശജയായ ജെന്നിഫർ രാജ്കുമാർ മേയറിന് ഇന്ത്യൻ ജനതയോടുള്ള പ്രത്യേക മമതയും താൽപ്പര്യവും പ്രകീർത്തിക്കുകയും ന്യൂയോർക്ക് സിറ്റിയിൽ ദീപാവലി ദിനത്തിൽ സിറ്റി സ്കൂളുകൾക്ക് പൊതു അവധി പ്രഖ്യാപിച്ച ആദ്യ മേയറാണ് എറിക് ആദംസ് എന്ന് പ്രസ്താവിച്ചതും സദസ്സ് നിറഞ്ഞ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
വിവിധ ഡാൻസ് അക്കാദമികളിലെ കുട്ടികൾ നടത്തിയ പാട്രിയോട്ടിക് ഡാൻസുകളും, ഗാനങ്ങളും, പ്രകടനങ്ങളും അതി മനോഹരമായിരുന്നു. ഇന്ത്യൻ നേഴ്സസ് അസ്സോസ്സിയേഷൻ അംഗങ്ങളുടെ ദേശഭക്തി ഡാൻസും നേഴ്സുമാരുടെ മക്കളുടെ പ്രത്യേക ഡാൻസ് പരിപാടിയും സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി. എഫ് ബി ഐ എം എ-യുടെ ചെയർമാൻ സുബാഷ് കപാഡിയ, മുൻ പ്രസിഡന്റ് ഹേമന്ത് ഷാ, ബോർഡ് അംഗം മാത്യു തോമസ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ കോശി ഓ തോമസ് (പ്രസിഡൻറ്) ഡോ. ഉജ്വല ഷാ (വൈസ് പ്രസിഡൻറ്), മേരി ഫിലിപ്പ് (സെക്രട്ടറി), കിരിത് പഞ്ചമിയ (ട്രഷറർ), ജെയ്സൺ ജോസഫ് (പബ്ലിക് റിലേഷൻസ്), അശോക് ജെയിൻ, ആശ മാമ്പള്ളി, ജോർജ് സി. പറമ്പിൽ, കളത്തിൽ വർഗ്ഗീസ്, വി. എം. ചാക്കോ, പരേഡ് ചെയർമാൻ ഡെൻസിൽ ജോർജ്, ബീനാ സഭാപതി, ഏലിയാമ്മ അപ്പുകുട്ടൻ തുടങ്ങിയവർ പരേഡിന്റെ നടത്തിപ്പിന് പ്രത്യേക നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം