കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർത്തില്ലെന്ന് സിപിഎം. ഉമ്മൻ ചാണ്ടിക്ക് ശരിയായ ചികിത്സ ലഭിച്ചോ ഇല്ലയോ എന്ന വിഷയം ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ചികിത്സാ വിവാദം സംബന്ധിച്ച സിപിഎം സംസ്ഥാന സമിതി അംഗം കെ. അനിൽ കുമാർ ഉയർത്തിയ ആരോപണങ്ങൾ ഗോവിന്ദൻ തള്ളി.
“പുതുപ്പള്ളിയിൽ വ്യക്തി ആക്ഷേപത്തിന് സിപിഎം ഇല്ല. അവിടെ രാഷ്ട്രീയമാണ് ചർച്ച, ഉമ്മൻ ചാണ്ടിയുടെ ചികിത്സ അടക്കം ഉന്നയിക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മന്ത്രമാർ വരില്ലെന്നത് തെറ്റായ പ്രചരണമാണ്. മന്ത്രിമാരുടെ പ്രചാരണം ആവശ്യത്തിനുണ്ടാകും. ഉമ്മൻ ചാണ്ടിയെ പുണ്യാളനാക്കാനുള്ള ശ്രമം കോൺഗ്രസിന്റെ മൂല്യച്യുതിയാണ്. കല്ലറയിൽ പോകുന്നതിനെ ഞങ്ങൾ ആക്ഷേപിക്കില്ല”.
“തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുന്നതിൽ ഭയമില്ല. സർക്കാർ ഉളളിടത്തോളം കാലം ആളുകൾ സർക്കാരിനെ വിലയിരുത്തും. പാർട്ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് തികച്ചും രാഷ്ട്രീയപരമാകും. വ്യക്തിപരമായല്ല ആരും മത്സരിക്കുന്നത്. പാർട്ടികളാണ് ഓരോ സ്ഥാനാർഥികളെയും തീരുമാനിക്കുക”. ഗോവിന്ദൻ പറഞ്ഞു.

വിശുദ്ധൻ പരാമർശത്തെപ്പറ്റി കോൺഗ്രസിൽതന്നെ ചിലർക്ക് എതിർപ്പുണ്ടെങ്കിലും വിശുദ്ധൻ, പുണ്യാളൻ എന്നീ പ്രയോഗങ്ങളെ സിപിഎം ശ്രദ്ധിക്കില്ല. അത് വിശ്വാസികൾ ശ്രദ്ധിക്കട്ടെ. പുണ്യാളനെ പ്രഖ്യാപിക്കേണ്ടത് ഓർത്തഡോക്സ് സഭയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം പുതുപ്പള്ളിയിൽ ഇടതു സ്ഥാനാർഥി ജെയ്ക് സി തോമസ് വിജയിക്കുമെന്ന പ്രതീക്ഷയാണ് സി പി എം സംസ്ഥാന സെക്രട്ടറി പങ്കുവച്ചത്. ഇന്ന് ഉച്ചയോടെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസാകും എൽ ഡി എഫ് സ്ഥാനാർത്ഥിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















