ഹവായ്: അമേരിക്കയിലെ ഹവായ് ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗവി കൗണ്ടിയിൽ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു. ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തെ വാർത്താവിനിമയ സംവിധാനങ്ങളും വൈദ്യുതി വിതരണവും പൂർണമായി മുടങ്ങിയതോടെ ഇവിടുത്തെ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചതായും വിവരമുണ്ട്. പടർന്നുപിടിക്കുന്ന കാട്ടുതീ പ്രദേശവാസികൾക്കും സ്വത്തിനും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയാണ്.
കാട്ടുതീ പടർന്നതോടെ മേഖലയിലേക്കുള്ള റോഡുകളും അടച്ചിരിക്കുകയാണ്. സന്നദ്ധ സേനകൾ ബോട്ടുകളിൽ കടൽ മാർഗവും അഗ്നിരക്ഷാസേന ഹെലികോപ്റ്ററുകളിലുമാണ് അവശ്യസാധനങ്ങൾ പ്രദേശത്ത് എത്തിച്ചു നൽകുന്നത്. നാവികസേന, കോസ്റ്റ് ഗാർഡ്, അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

തീപ്പിടിത്തം ഹവായിയുടെ പരിസ്ഥിതിയിലും പ്രകൃതി ചുറ്റുപാടുകളിലും ചെലുത്തുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു. ദുരന്തത്തിൽ 1,700-ലധികം കെട്ടിടങ്ങളും ബില്യൺ കണക്കിന് ഡോളറിന്റെ സ്വത്തുക്കളും നശിച്ചതായും, ലഹൈനയിൽ പടർന്ന തീ 80 ശതമാനവും നിയന്ത്രണവിധേയമായതായും ഹവായ് ഗവർണർ ജോഷ് ഗ്രീൻ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ വന്ന് തീ നിയന്ത്രണവിധേയമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
ഏറെ ആകര്‍ഷകമായ ടൂറിസ്റ്റ് കേന്ദ്രമായ ലഹൈനയിൽ അടുത്തടുത്തായി നൂറുകണക്കിന് വീടുകളും വലിയ ഹോടെലുകളുമാണുള്ളത്. ഇവയിൽ മിക്കതും അഗ്നിക്കിരയായി. 11,000 ടൂറിസ്റ്റുകളെ ദ്വീപില്‍നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. മൗയിയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് പുകയും തീയും ഉയർന്നതിനെ തുടർന്ന് പ്രദേശവാസികൾ കടലിലേക്ക് ചാടിയതായും ഇവരെ യുഎസ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ‘കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ ദുരന്തമാണ് ഞങ്ങൾ നേരിടുന്നത്. ലഹൈന മുഴുവൻ ചുട്ടുപൊള്ളുന്നു’, പ്രദേശവാസികളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















