തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കലവറയിലെ സ്വത്ത് മുഴുവൻ മ്യൂസിയത്തിലാക്കണമെന്ന സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്റെയും കോണ്‍ഗ്രസ് എംഎല്‍എ എപി അനില്‍ കുമാറിന്റെയും പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സാമ്പത്തിക ലാഭമുണ്ടാക്കാൻ ഭൗതിക ചിന്തയോടെ കുറേ നാളുകളായി കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുകയാണെന്ന് കുമ്മനം ആരോപിച്ചു.
കലവറയിലെ സ്വത്ത് പൊതുപ്രദര്‍ശനത്തിന് വയ്ക്കണമെന്നും അതുവഴി സര്‍ക്കാരിന് വൻ വരുമാനം ഉണ്ടാക്കാമെന്നുമുള്ള കടകംപള്ളി സുരേന്ദ്രന്റെയും കോണ്‍ഗ്രസ് എംഎല്‍എ എപി അനില്‍ കുമാറിന്റെയും പ്രസ്താവന ക്ഷേത്രത്തെ വാണിജ്യവല്‍ക്കരിക്കാനുള്ള കച്ചവട മനസ്സിനെയാണ് വെളിപ്പെടുത്തുന്നതെന്ന് കുമ്മനം പറഞ്ഞു.

”പദ്മനാഭസ്വാമി ക്ഷേത്രം, ടൂറിസ്റ്റ് കേന്ദ്രമോ വാണിജ്യ സ്ഥാപനമോ അല്ല. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കലവറയിലുള്ളതെല്ലാം ഭഗവാന് ഭക്തിപൂര്‍വം സമര്‍പ്പിച്ചവയാണ്. അവയില്‍ നിന്നും സാമ്ബത്തിക ലാഭമുണ്ടാക്കാൻ ഭൗതിക ചിന്തയോടെ കുറേ നാളുകളായി കണ്ണും നട്ട് ചിലര്‍ വട്ടമിട്ടു പറക്കുന്നു. ക്ഷേത്രഭരണം സര്‍ക്കാരിനു വിട്ടുകിട്ടാൻ മുൻപ് പലവട്ടം ശ്രമിച്ചിട്ടും നടക്കാതെപോയതില്‍ നിരാശരായവര്‍ കലവറയിലെ കരുതല്‍ ശേഖരത്തില്‍ ഉന്നം വച്ച് കരുനീക്കങ്ങള്‍ നടത്തുകയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ഒരു സ്വകാര്യ ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന്റെ മുകളില്‍ കൂടി അഞ്ചുവട്ടം പറന്നത് ഭക്തരില്‍ ഉത്കണ്ഠ ഉണ്ടാക്കിയിട്ടുണ്ട്. അത് എന്താവശ്യത്തിനാണെന്നോ അവരുടെ ലക്ഷ്യം എന്തായിരുന്നെന്നോ അറിയുന്നതിനു വേണ്ട അന്വേഷണങ്ങളൊന്നും മേലധികാരികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ വിവാദം ക്ഷേത്രത്തിലെ കലവറയ്ക്കുള്ളില്‍ ഇരിക്കുന്ന ക്ഷേത്ര സ്വത്തുക്കളിലേക്ക് തിരിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിന് സുരക്ഷാസന്നാഹങ്ങള്‍ ശക്തിപ്പെടുത്താനും നിതാന്ത ജാഗ്രതയോടെ ക്ഷേത്ര സ്വത്തുക്കള്‍ പരിരക്ഷിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണം. ക്ഷേത്രത്തിന്റെ ആകാശഭാഗം വ്യോമയാന നിരോധിത മേഖലയാക്കണം”- അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















