ന്യൂഡല്‍ഹി: അവിശ്വാസപ്രമേയ മറുപടിയില്‍ പ്രതിപക്ഷ ബഹളത്തിനൊടുവില്‍ മണിപ്പൂരിനെ കുറിച്ച് മൗനം വെടിഞ്ഞ് പ്രധാനമന്ത്രി. രാജ്യം മണിപ്പുരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പമാണെന്ന് പറഞ്ഞ മോദി, കലാപത്തിന് വഴിവച്ചത് ഹൈക്കോടതി ഉത്തരവാണെന്ന് ചൂണ്ടിക്കാട്ടി. സമാധാനം പുനഃസ്ഥാപിക്കും. കുറ്റക്കാരെ വെറുതേവിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടി പ്രസംഗത്തിലായിരുന്നു പ്രതികരണം.
‘മണിപ്പൂരിൽ നിരവധി പേർക്ക് പ്രിയപ്പെട്ടവരേ നഷ്ടപ്പെട്ടു. സ്ത്രീകൾക്ക് നേരെ ക്ഷമിക്കാൻ കഴിയാത്ത അക്രമങ്ങൾ ഉണ്ടായി. പ്രതികൾ പിടിയിലായിട്ടുണ്ട്. ഇപ്പോള്‍ പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങളോട് പറയാനുള്ളത് നല്ലൊരു പുലരി ഉണ്ടാകുമെന്നാണ്’..മോദി പറഞ്ഞു. മണിപ്പൂരിൽ ഒന്നിച്ച് ചേർന്ന് ഇതിന് പരിഹാരം കണ്ടെത്തും. മണിപ്പൂരിൽ നഷ്ടമായത് തിരിച്ച് പിടിക്കും. മണിപ്പൂർ അതിവേഗം വളർച്ച കൈവരിക്കുമെന്നും മോദി പറഞ്ഞു.

കഴിഞ്ഞ ദിവസം മണിപ്പൂരിനെ കുറിച്ച് സഭയില്‍ അമിത്ഷാ വിശദമായി സംസാരിച്ചു. രാജ്യം മുഴുവന്‍ മണിപ്പൂരിനൊപ്പമാണ്. മണിപ്പൂര്‍ വികസനത്തിന്റെ പാതയിലേക്ക് വരും. എന്നാല്‍ പ്രതിപക്ഷം സഭയില്‍ ഭാരതമാതാവിനെ കുറിച്ച് പറഞ്ഞത് വിഷമിപ്പിച്ചു. ഭാരതമാതാവിനെ അപമാനിച്ചത് ക്ഷമിക്കാനാകില്ല. മണിപ്പൂരിലെ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കും. ഭാരതമാതാവിനെ ഭിന്നിപ്പിച്ചതാണ് കോണ്‍ഗ്രസിന്റെ ചരിത്രം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിശ്വാസം കോണ്‍ഗ്രസ് തകര്‍ത്തു. 1966മാര്‍ച്ച് അഞ്ചിന് മിസോറാമില്‍ വ്യോമസേനയെ ഉപയോഗിച്ച് ആക്രമണം നടത്തിയത് കോണ്‍ഗ്രസാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മണിപ്പൂര്‍ വിഷയത്തിലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി പറയാതെ പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചതും ഇറങ്ങിപ്പോയതും. ഒടുവില്‍ ശബ്ദവോട്ടോടെ അവിശ്വാസം തള്ളുകയായിരുന്നു. പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളിച്ച് സഭ ബഹിഷ്‌കരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















