ന്യൂഡല്‍ഹി: മണിപ്പൂര്‍ അവിശ്വാസ പ്രമേയത്തിന് മേൽ മറുപടി നൽകാൻ ലോക്സഭയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഒന്നരമണിക്കൂറോളം സമയം കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കേന്ദ്രത്തിന്‍റെ മികവിനെ കുറിച്ചും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചും മാത്രം ആദ്യ മണിക്കൂറുകളിൽ സംസാരിച്ച പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളികളുയര്‍ത്തി.
അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷത്തിന് നന്ദി പറഞ്ഞാണ് മോദി സംസാരിച്ചു തുടങ്ങിയത്. ഇത് സർക്കാരിന്‍റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിന്‍റെ പരീക്ഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ ‘അവിശ്വാസം കാണിച്ചു’. 2024 ല്‍ ബിജെപിക്ക് റെക്കോർഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുൽ ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു.

മണിപ്പൂരിനെ കുറിച്ച് പറയൂവെന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് മണിപ്പൂരിനെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഇതിന് ശേഷമാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപോകുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിപക്ഷം മണിപ്പൂർ ചർച്ച അട്ടിമറിച്ചുവെന്നും ആരോപിച്ചു.
പിന്നാലെ മണിപ്പൂര്‍ വിഷയത്തിന്മേൽ സംസാരിച്ച് തുടങ്ങിയ പ്രധാനമന്ത്രി, മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടായെന്ന് സഭയിൽ സമ്മതിച്ചു. അമിത് ഷാ ഇന്നലെ സഭയിൽ നടത്തിയ വിശദീകരണത്തിന് സമാനമായ രീതിയിൽ ഹൈക്കോടതി ഉത്തരവാണ് കലാപത്തിന് വഴിവെച്ചതെന്നാണ് മോദിയുടെയും വിശദീകരണം. കേന്ദ്രവും സംസ്ഥാനവും മണിപ്പൂര്‍ വിഷയത്തിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കും. കുറ്റക്കാരെ വെറുതെ വിടില്ല. നിങ്ങൾക്ക് ഒപ്പമുണ്ടെന്നാണ് മണിപ്പൂരിലെ സ്ത്രീകളോടും കുട്ടികളോട് പറയാനാഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















