ന്യൂഡൽഹി: ഫ്ലയിങ് കിസ് വിവാദത്തിൽ പ്രതികരണവുമായി ബിജെപി എംപി ഹേമമാലിനി. രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകുന്നത് താൻ കണ്ടിട്ടില്ലെന്ന് പ്രതികരണം. നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോൺഗ്രസ് എംപി ഫ്ലയിങ് കിസ് നൽകിയെന്നാരോപിച്ച് ബിജെപിയുടെ വനിതാ എംപിമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു.
ബിജെപി വനിതാ അംഗങ്ങൾക്ക് നേരേ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയത് നിങ്ങൾ കണ്ടോ എന്നായിരുന്നു ഇന്ത്യാ ടുഡേ മാധ്യമപ്രവർത്തകയുടെ ചോദ്യം. ‘എനിക്കറിയില്ല. ഞാനതു കണ്ടില്ല.’ എന്നായിരുന്നു ഹേമമാലിനിയുടെ മറുപടി. അതേസമയം, സംഭവത്തിൽ സ്പീക്കർക്ക് പരാതി നൽകിയ എംപിമാരുടെ കൂട്ടത്തിൽ ഹേമമാലിനിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്.
ഫ്‌ളൈയിങ് കിസ് ആരോപണത്തിൽ ബിജെപി വനിതാ എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകിയിട്ടുണ്ട്. മന്ത്രി ശോഭ കരന്ദ്‌ലജയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്പീക്കറെ കണ്ടത്.

സഭയിൽ സ്മൃതി ഇറാനി തന്നെയാണ് ഇക്കാര്യം ആരോപിച്ചത്. ‘മിസ്റ്റർ സ്പീക്കർ, ഞാനൊരു എതിർപ്പ് ഉന്നയിക്കുന്നു. എനിക്ക് മുമ്പ് സംസാരിച്ചയാൾ ഒരു മോശം അടയാളം കാണിച്ചു. പാർലമെന്റിനെ വനിതാ അംഗത്തിന് നേരെ ഒരു സ്ത്രീവിരുദ്ധന് മാത്രമേ ഫ്‌ളൈയിങ് കിസ് നൽകാനാകൂ. ഇത്തരം മോശം പ്രവൃത്തി പാർലമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ല. അതാ കുടുംബത്തിന്റെ സംസ്‌കാരമാണ്’ – എന്നായിരുന്നു അവരുടെ വാക്കുകൾ.
പാർലമെന്റ് അംഗത്വം പുനഃസ്ഥാപിച്ചതിന് ശേഷം ബുധനാഴ്ചയാണ് രാഹുൽ ആദ്യമായി പാർലമെന്റിൽ പ്രസംഗിച്ചത്. ബിജെപി മണിപ്പൂരിനെ രണ്ടായി വിഭജിച്ചതായി രാഹുല്‍ ആഞ്ഞടിച്ചു. മണിപ്പൂരില്‍ ഭാരതത്തെ കൊന്നു. ഭാരതം ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മണിപ്പൂരില്‍ നിങ്ങള്‍ ഇല്ലാതാക്കിയത്. ഭാരതമാതാവിനെയാണ് നിങ്ങള്‍ കൊലപ്പെടുത്തിയതെന്നും രാഹുൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി സ്മൃതി ഇറാനിക്ക് ഫ്ലയിംഗ് കിസ് നൽകിയെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















