തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സഹതാപമല്ല, രാഷ്ട്രീയമാണ് ചര്‍ച്ചയാവുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം തിരഞ്ഞെടുപ്പിന് തയ്യാറാണ്. ഒരു വേവലാതിയുമില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയപരമാണ്. യാതൊരു വികസനവും നടത്താൻ അനുവദിക്കാത്ത പ്രതിപക്ഷമാണ് കേരളത്തിലേത്. രാഷ്ട്രീയമാണ് ചര്‍ച്ചയാവുകയെന്ന് അവരും പറഞ്ഞല്ലോ. ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തല്‍ ഉള്‍പ്പെടെ ആയിക്കോട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഇത്ര വേഗത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ വളരെ പെട്ടെന്നു തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ മാസം 11ന് തുടങ്ങുന്ന സംസ്ഥാന നേതൃ യോഗങ്ങളിൽ സ്ഥാനാർഥിയെ കുറിച്ച് തീരുമാനമുണ്ടാകുമെന്നാണ് വിവരം. വി.എൻ.വാസവനും കെ.കെ.ജയചന്ദ്രനുമാണ് മണ്ഡലത്തിന്റെ ചുമതല.
‘‘ഏതു സമയത്ത് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചാലും അതിനു വേണ്ട നിലപാട് മുൻപു തന്നെ സ്വീകരിച്ചതാണ്. അതുകൊണ്ട് അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്ന തരത്തിൽ യാതൊരു വേവലാതിയും അങ്കലാപ്പും സിപിഎമ്മിനില്ല. താഴേത്തലം മുതലുള്ള എല്ലാ സംഘടനാ മിഷനറിയും ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ നല്ല രീതിയിൽ നേരിടും.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന പ്രക്രിയയെ തുരങ്കം വയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്ന ഏറ്റവും ഫലപ്രദമായ ഒരു തിരഞ്ഞെടുപ്പ് പ്രചരണമാകും അവിടെ നടക്കുക. ഒരു വികസന പ്രവർത്തനവും നടത്താൻ പാടില്ല എന്ന് ലോകത്ത് ഏതെങ്കിലും പ്രതിപക്ഷ പാർട്ടികൾ തീരുമാനിക്കുമോ. അങ്ങനെ തീരുമാനിച്ച ഒരു പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. അതിനെ നല്ലതുപോലെ ജനങ്ങൾ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാകും പുതുപ്പള്ളിയിലേത്. സഹതാപ തരംഗമല്ല രാഷ്ട്രീയമാണ് കാര്യം’’– ഗോവിന്ദൻ പറഞ്ഞു.
അതേസമയം പുതുപ്പള്ളി നിയോജകമണ്ഡലം രാഷ്ട്രീയമായി ഇടതുപക്ഷത്തിന് അടിത്തറയുള്ള മണ്ഡലമാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അടിത്തട്ടില്‍ ഉള്‍പ്പെടെ ഒരുക്കങ്ങള്‍ നടക്കുന്നു. പുതുപ്പള്ളിയില്‍ എട്ട് പഞ്ചായത്തുകളില്‍ ആറും ഭരിക്കുന്നത് എല്‍ഡിഎഫാണ്. ബൂത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















