മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് എൻസിപി മേധാവി ശരദ് പവാറിന്റെ വിശ്വസ്തനും മഹാരാഷ്ട്ര അധ്യക്ഷനുമായ ജയന്ത് പാട്ടീൽ. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും താൻ ശരദ് പവാറിന്റെ വസതിയിലായിരുന്നുവെന്നും ജയന്ത് പാട്ടീൽ പറഞ്ഞു.
അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. ‘‘ആരാണ് നിങ്ങളോട് ഇത് പറഞ്ഞത്? ഇതൊക്കെ പറയുന്നവരോട് തന്നെ ചോദിക്കണം. ഇന്നലെ വൈകിട്ട് ഞാൻ ശരദ് പവാറിന്റെ വസതിയിൽ ഉണ്ടായിരുന്നു. ഞാൻ ആരെയും കണ്ടിട്ടില്ല’’– അദ്ദേഹം പറഞ്ഞു.
പൂനെയിലെ സെൻട്രൽ രജിസ്ട്രാർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ഓഫീസിന്റെ ഡിജിറ്റൽ പോർട്ടൽ ഞായറാഴ്ച അമിത് ഷാ ഉദ്ഘാടനം ചെയ്തിരുന്നു. ഈ സമയമാണ് ജയന്ത് പാട്ടീൽ അദ്ദേഹത്തെ സന്ദർശിച്ചതെന്നാണ് ബി.ജെ.പി പ്രചരിപ്പിച്ചത്. പക്ഷം മാറാൻ തന്റെ മേൽ സമ്മർദ്ദമില്ലെന്നും ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും പാട്ടീൽ പറഞ്ഞു. ‘മുംബൈയിൽ നടന്ന ഇന്ത്യാ കോൺക്ലേവ് സംഘടിപ്പിക്കുന്നതിനുള്ള യോഗത്തിൽ (ശനിയാഴ്ച) ഞാൻ പങ്കെടുത്തിരുന്നു. ഞാൻ സംഘാടക സമിതിയുടെ ഭാഗമാണ്. അതിനാൽ ഇത്തരം ഊഹാപോഹങ്ങൾ വരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണ്’ -എൻ.സി.പി നേതാവ് കൂട്ടിച്ചേർത്തു.

നേരത്തേ ജയന്ത് പാട്ടീലിനെ ഇ.ഡി വേട്ടയാടുന്നതായി എൻ.സി.പി ആരോപണം ഉന്നയിച്ചിരുന്നു. ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (ഐ.എൽ. ആൻഡ് എഫ്.എസ്.) എന്ന കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ ജയന്ത് പാട്ടീലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പലതവണ നോട്ടീസയച്ചിരുന്നു.
എം.എൻ.എസ് നേതാവ് രാജ് താക്കറെയുമായി ബന്ധമുള്ള കോഹിനൂർ സെൻട്രലിന് മതിയായ ഈടില്ലാതെ ഐ.എൽ. ആൻഡ് എഫ്.എസ്. വായ്പ നൽകിയതിൽ ജയന്ത് പാട്ടീലിനുള്ള പങ്കാണ് ഇ.ഡി. അന്വേഷിക്കുന്നത്. എന്നാൽ തനിക്ക് ഈ കമ്പനിയുമായി ബന്ധമില്ലെന്നും താൻ ഇവിടെനിന്ന് വായ്പയെടുത്തിട്ടില്ലെന്നും പറഞ്ഞ പാട്ടീൽ ഇ.ഡി. എന്തിനാണ് നോട്ടീസ് അയക്കുന്നതെന്ന് ഈ രാജ്യത്തുള്ള എല്ലാവർക്കും അറിയാമെന്നുമായിരുന്നു അന്ന് പ്രതികരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















