മൂന്നാർ: വിദ്യാർത്ഥികള്‍ക്ക് ടൈഫോയ്ഡ് പടർന്നതിനെ തുടർന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ ഇടുക്കിയിലെ എംആർഎസ് സ്കൂൾ അടച്ചു. നാല് ദിവസത്തിനുള്ളിൽ 20 കുട്ടികൾക്കാണ് രോഗം പടർന്നത്.
read more വാഹനങ്ങൾ മുതൽ പോലീസ് സ്‌റ്റേഷൻ വരെ, അക്രമത്തിൽ കത്തി നശിച്ചു ആളൊഴിഞ്ഞ നുഹ്
കഴിഞ്ഞ ശനിയാഴ്ച ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് സ്കൂൾ ഹോസ്റ്റലിലെ 14 കുട്ടികൾക്ക് രോഗം കണ്ടെത്തിയത്. ഇവരിൽ 6 പേർ വീടുകളിലേക്ക് മടങ്ങിയിരുന്നു. 8 പേരെ ഹോസ്റ്റലിൽ പ്രത്യേക സംരക്ഷണയിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ആറ് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് സ്കൂൾ അടച്ചത്. കളക്ടറുടെ നിർദേശപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച സ്കൂളിലെ മുഴുവൻ കുട്ടികൾ, ജീവനക്കാർ, അധ്യാപകർ എന്നിവരിൽ രോഗപരിശോധന നടത്തി. പരിശോധനാ ഫലം വന്നശേഷം സ്ഥിതിഗതികൾ വിലയിരുത്തി മാത്രമേ സ്കൂൾ തുറക്കുകയുള്ളൂവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ പോയി മടങ്ങിയെത്തിയ കുട്ടിയിലാണ് ആദ്യം രോഗ ലക്ഷണങ്ങള്‍ കണ്ടത്. കൂടുതൽ കുട്ടികൾക്ക് പനിയും ഛർദിയുമുണ്ടായതോടെ സ്കൂൾ അധികൃതർ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു.
















