കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടന് ദിലീപ് കുറ്റവാളിയാണെന്ന് പറയാന്‍ തനിക്ക് ഉറപ്പില്ലെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.
വ്യക്തിപരമായി ഒരാളെയും ജഡ്ജ് ചെയ്യാന്‍ തനിക്കാവില്ലെന്നും ദിലീപിന് എതിരെ ആള്‍ക്കൂട്ട വിധിയാണ് നടന്നതെന്നും പറഞ്ഞ മുരളി ഗോപി അതിന് കയ്യടിക്കാനാവില്ലെന്നും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ മുരളി ഗോപി പറഞ്ഞു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഞാന്‍ വ്യക്തിപരമായി ഒരാളെയും ജഡ്ജ് ചെയ്യില്ല. അത് ചെയ്തതിന് പിന്നില്‍ ദിലീപാണ് എന്നതില്‍ എനിക്ക് ഒരു ഉറപ്പുമില്ലല്ലോ. ആര്‍ക്കും ഇല്ലല്ലോ. ഇപ്പോ പറയുന്ന ആര്‍ക്കാണ് ഉറപ്പുള്ളത്. തെറ്റുകാരനാണെന്ന് തെളിയാത്ത ഒരാള്‍ക്കെതിരെ തിരിയുന്നത് ശരിയാണോ? ഈ പറയുന്നതില്‍ പൊളിറ്റിക്കല്‍ കറക്ട്നസ് ഇല്ല. വിധി വന്നാലെ ഇതില്‍ എന്തെങ്കിലും പ്രതികരിക്കാനാവൂ. ആരോപണം എന്നു പറയുന്നത് വിധി പ്രസ്താവമായി കാണാനാകില്ല. ആള്‍ക്കൂട്ട വിധിയാണ് ദിലീപിനെതിരെ നടന്നത്. അന്ന് കൂവിയ ആള്‍ക്കാര്‍ക്കൊപ്പം നില്ക്കാനാവില്ലല്ലോ?.
കമ്മാര സംഭവം സിനിമ ഷൂട്ട് ചെയ്ത് പകുതിയായപ്പോഴാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ആരോപണ വിധേയനാണ് എന്നതിന്റെ പേരില്‍ ദിലീപിനൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ ബുദ്ധിമുട്ടില്ല. അക്രമണത്തിന് ഇരയായ നടിയെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ അരോപണവിധേയനൊപ്പം ജോലി ചെയ്യണോ എന്നത് തികച്ചും വ്യത്യസ്തമായ വിഷയമാണ്’- മുരളി ഗോപി പറഞ്ഞു.