ഒരു കാലത്ത് ഏറെ ഭയത്തോടെ കണ്ടിരുന്ന രോഗമായിരുന്നു അർബുദം അഥവാ കാൻസർ. നൂറ് കണക്കിന് കാൻസർ വകഭേദങ്ങളുണ്ട്. ചിലതെല്ലാം അപൂർവമായി കണ്ട് വരുന്നതാണെങ്കിലും നൂതനമായ മികച്ച ചികിത്സയിലൂടെ പൂർണമായും ഭേദമാക്കാനുള്ള സാങ്കേതിക വിദ്യകൾ ഇന്നുണ്ട്. അത്തരത്തിലുള്ള ഒരിനം കാൻസറാണ് സർക്കോമ. ഞരമ്പുകൾ, പേശികൾ, സന്ധികൾ, കൊഴുപ്പ്, രക്തക്കുഴലുകൾ, എല്ലുകൾ തുടങ്ങി ശരീരത്തെ ബന്ധിപ്പിച്ച് നിർത്തുന്ന കോശങ്ങളെയാണ് (കണക്ടീവ് ടിഷ്യൂ) സർക്കോമ ബാധിക്കുന്നത്.
കാൻസർ കോശങ്ങളുടെ ഘടനയുടെ അടിസ്ഥാനത്തിൽ രണ്ട് തരത്തിലുളള സർക്കോമയാണുള്ളത്. അസ്ഥികളെ ബാധിക്കുന്ന ബോൺ കാൻസറും കോശങ്ങളെ ബാധിക്കുന്ന സോഫ്റ്റ് ടിഷ്യു സർക്കോമയുമാണിവ. കുട്ടികളെയും യുവാക്കളെയുമാണ് ബോൺ കാൻസർ കൂടുതലായി ബാധിക്കുന്നതെങ്കിൽ മധ്യവയസ്ക്കരിലാണ് സോഫ്റ്റ് ടിഷ്യൂ സർക്കോമ ഏറെയും കണ്ടുവരുന്നത്. എത്രയും വേഗം രോഗം കണ്ടെത്തി കൃത്യമായ ചികിത്സ നൽകാൻ കഴിഞ്ഞാൻ രോഗം പൂർണമായും ഭേദമാക്കാൻ കഴിയും.
ബോൺ കാൻസർ
ഏറ്റവും കൂടുതലായി കണ്ടുവരുന്ന സർക്കോമ വകഭേദമാണ് അസ്ഥികളെ ബാധിക്കുന്ന ബോൺ കാൻസർ. സാധാരണയായി 10നും 20നും ഇടയിൽ പ്രായമുള്ളവരിലാണ് ഈ കാൻസർ കണ്ടുവരുന്നത്. ബോൺ കാൻസറിന്റെ മൂലകാരണം ഇനിയും കണ്ടെത്തിയിട്ടില്ലെങ്കിലും റേഡിയേഷനും ജനിതകമായ സവിശേഷതകളും രോഗത്തിന് കാരണമായേക്കാമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അസ്ഥികളിൽ ബാധിക്കുന്ന കാൻസറാണെങ്കിലും ശ്വാസകോശത്തിലേക്ക് ഉൾപ്പടെ വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് രോഗികളുടെ ആരോഗ്യാവസ്ഥ കൂടുതൽ ബുദ്ധിമുട്ടിലാക്കും.
സോഫ്റ്റ് ടിഷ്യൂ കാൻസർ
ഞരമ്പുകൾ, പേശികൾ, സന്ധികൾ, കൊഴുപ്പ്, രക്തക്കുഴലുകൾ, ടെന്റണുകൾ, സന്ധികളുടെ ലൈനിംഗുകൾ തുടങ്ങി ശരീരത്തിലെ മൃദു കോശങ്ങളെ ബാധിക്കുന്ന അപൂർവ കാൻസറാണിത്. ഏത് പ്രായക്കാരെയും ബാധിക്കാമെങ്കിലും 40 വയസിന് മുകളിലുള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്. സാധാരണയായി കൈ കാലുകൾ, നെഞ്ച്, വയറിന്റെ പുറക് വശം, റിട്രോപെരിറ്റോണിയം എന്നിവിടങ്ങളിലാണ് കാണുന്നത്. ശ്വാസകോശം ഉൾപ്പെടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പകരാനുള്ള സാധ്യത സോഫ്റ്റ് ടിഷ്യൂ കാൻസറുകളിലും വളരെ കൂടുതലാണ്.
സർക്കോമയുടെ ലക്ഷണങ്ങൾ
കാലക്രമേണ കൂടി വരുന്ന, രാത്രിയിലും തുടരുന്ന കലശലായ അസ്ഥി വേദനയാണ് കുട്ടികളിലും ചെറുപ്പക്കാരിലും കണ്ടുവരുന്ന ബോൺ കാൻസറുകളുടെ പ്രധാന ലക്ഷണം. വൈദ്യസഹായവും മതിയായ വിശ്രമം ലഭിച്ചാലും വേദന മാറില്ല. അസ്ഥിക്ക് മുകളിൽ മുഴയോ വീക്കമോ തടിപ്പോ ഉണ്ടാകും. അസ്ഥിയിൽ കാൻസർ ബാധിച്ച കുട്ടികളിൽ എല്ലുകൾ ഒടിയാനുള്ള സാധ്യതയും കൂടുതലാണ്.
ശരീരത്തിൽ കാണപ്പെടുന്ന വേഗത്തിൽ വളരുന്ന മുഴകളും സോഫ്റ്റ് ടിഷ്യൂ സർക്കോമയുടെ ലക്ഷണങ്ങളാകാം. വേദനയുള്ളവയാകും ഇവയിൽ പലതും. ശസ്ത്രക്രിയക്ക് ശേഷവും കാണപ്പെടുന്ന മുഴകളും പേശികളിൽ ആഴത്തിൽ കാണപ്പെടുന്ന മുഴകളും കാൻസറാകാനുളള സാധ്യത തള്ളിക്കളയാനാകില്ല.
സർക്കോമ ചികിത്സകൾ
ബോൺ കാൻസർ രോഗികൾക്ക് പ്രധാനമായും നൽകുന്നത് കീമോതെറാപ്പിയും ശസ്ത്രക്രിയയും സംയോജിപ്പിച്ചുള്ള ചികിത്സയാണ്. നേരത്തെ കാൻസർ ബാധിച്ച കൈയോ കാലോ മുറിച്ചു മാറ്റുന്നതായിരുന്നു രീതി. എന്നാൽ സാങ്കേതിക വിദ്യയുടെ വളർച്ചയോടെ ഇതിന് പകരമായി കൈ കാലുകൾ രക്ഷിക്കുന്ന ലിംബ് സേവിംഗ് ശസ്ത്രക്രിയകളാണ് ചെയ്യുന്നത്. ചെറിയ കുട്ടികളിൽ അസ്ഥികളുടെ വളർച്ചക്കനുസരിച്ച് വളരുന്ന കൃത്രിമ സംവിധാനമാണ് (എക്സ്പാൻഡബിൾ ആർട്ടിഫിഷ്യൽ പ്രോസ്റ്റസിസ്) ഉപയോഗിക്കുന്നത്. കംപ്യൂട്ടർ നാവിഗേഷൻ, ത്രീ ഡി പ്രിന്റിംഗ് തുടങ്ങിയവയും സ്വന്തം അസ്ഥി തന്നെ പുനരുപയോഗിക്കുന്ന നൂതനമായ ബയോളജിക്കൽ ഫിക്സേഷൻ രീതികളും ഇന്നുണ്ട്.
സോഫ്റ്റ് ടിഷ്യൂ ക്യാൻസർ രോഗികളിൽ ട്യൂമറിന്റെ സ്വഭാവത്തിനനുസരിച്ചാണ് ചികിത്സ നൽകുന്നത്. ഏത് ഭാഗത്താണ് ട്യൂമർ ഉണ്ടായത്, ഏത് തരം കാൻസറാണ്, രോഗിയുടെ പൊതുവായ ആരോഗ്യം, ട്യൂമറിന്റെ വ്യാപനം തുടങ്ങിയവയെ ആശ്രയിച്ചാണ് ചികിത്സ. ലിംബ് സേവിംഗ് ശസ്ത്രക്രിയയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പിന്നീട് റേഡിയോ തെറാപ്പി, കീമോതെറാപ്പി എന്നിവയുടെ സഹായത്തോടെ അവശേഷിക്കുന്ന കാൻസർ കോശങ്ങളെയും നശിപ്പിക്കുക കൂടി ചെയ്യും.
രോഗനിർണയവും തുടർ പരിശോധനകളും നിർബന്ധം
മറ്റ് രോഗങ്ങളിൽ നിന്നും കാൻസറിന്റെ രൂപങ്ങളിൽ നിന്നും സർക്കോമയെ വ്യത്യസ്തമാക്കുന്നത് രോഗത്തിന്റെ അപൂർവതയും ഇനിയും കണ്ടെത്താത്ത മൂലകാരണവുമാണ്. അതുകൊണ്ട് തന്നെ ചെറിയ ലക്ഷണങ്ങൾ പോലും കണ്ടെത്തുകയും എത്രയും വേഗം ചികിത്സ ആരംഭിക്കേണ്ടതും അത്യാവശ്യമാണ്. ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ രോഗം കണ്ടെത്തിയാൽ നേരത്തെ തന്നെ വിദഗ്ധ ചികിത്സ നൽകാനാകും. ചികിത്സക്ക് ശേഷവും വീണ്ടും കാൻസർ വരാനുള്ള സാധ്യത ഉള്ളതിനാൽ കൃത്യമായ ഇടവേളകളിൽ തുടർ പരിശോധനകൾ നിർബന്ധമായും ചെയ്യണം.
തയ്യാറാക്കിയത്: ഡോ. ശ്രീരാജ് രാജൻ, കൺസൾട്ടന്റ്, ഓർത്തോപ്പീഡെക്ക് ഓങ്കോളജി, ആസ്റ്റർ മിംസ്, കാലിക്കറ്റ്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം