‘മകളേ മാപ്പ്… കേരളം ലജ്ജിച്ചു തല താഴ്ത്തുന്നു…..’ ആലുവയിലെ കുരുന്നിനെ ഒരു കാട്ടാളന്‍ പിച്ചിച്ചീന്തിയതിന് പിന്നാലെ പോസ്റ്റുകള്‍ കൊണ്ട് നിറയുകയാണ് മലയാളിയുടെ അനുശോചന കോളങ്ങള്‍…. സര്‍ക്കാരിന്‍റെ.. രാഷ്ട്രത്തെ ഉദ്ധരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട രാഷ്ട്രീയക്കാരുടെ… സാമൂഹിക- സാംസ്കാരിക നായകന്മാരുടെയൊക്കെ സാമൂഹ്യമാധ്യമ പേജുകള്‍…ടെലിവിഷനുകളില്‍ ഒക്കെ…പക്ഷെ എത്ര തവണയാണ് ഇരകളോട് ,അവരുടെ ബന്ധുക്കളോടൊക്കെ ഇങ്ങനെ മാപ്പ് പറയുക. തെറ്റ് ആവര്‍ത്തിക്കാതിരിക്കാനല്ലേ മാപ്പ് പറയേണ്ടത്..
മാപ്പുപറയേണ്ട ഭരണകൂടത്തിനാകട്ടെ ഒരു കുരുന്നിന്‍റെ കൂടി ജീവന്‍ കൂടി ബലികൊടുക്കേണ്ടി വന്നു നിയമനിര്‍മ്മാണം ഉറപ്പാക്കുമെന്ന പ്രഖ്യാപനം നടത്താന്‍…? തൊട്ടടുത്ത് അന്യ സംസ്ഥാന തൊഴിലാളികള്‍ താമസമുണ്ടെങ്കില്‍ സ്വന്തം കുഞ്ഞുങ്ങളെ വീട്ടില്‍ ഒറ്റയ്ക്കാക്കി പുറത്തേക്കിറങ്ങാന്‍ പേടിക്കുന്ന മാതാപിതാക്കള്‍ ഇന്ന് നിരവധിയാണ്.
ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ മലയാളിയുടെ സാമൂഹിക ജിവിതം താറുമാറാകാന്‍ വലിയ കാലതാമസില്ല. കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം ഒളിച്ചു താമസിക്കാനും എളുപ്പത്തില്‍ മുങ്ങാനും സൌകര്യത്തിന് കുറ്റകൃത്യങ്ങള്‍ ചെയ്യാനുമൊക്കെ സൌകര്യമുള്ള വെള്ളരിക്കാപ്പട്ടണമായി കേരളം മാറുകയാണോ..
സംസ്ഥാനത്ത് തമ്പിടിച്ചിരുക്കുന്ന അതിഥി തൊഴിലാളികള്‍ എത്ര എന്നതിനെ കുറിച്ച് എന്തെങ്കിലും കണക്കുകള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കൈവശമുണ്ടോ…ഇങ്ങനെ എത്തുന്ന നല്ലൊരു ശതമാനവും ആര് , എന്ത് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ , തീവ്രവാദികളുണ്ടോ എങ്ങനെ എന്തെങ്കിലും വിവരങ്ങള്‍ പൊലീസിന് കൈവശമുണ്ടോ.. എന്ത് അടിസ്ഥാനത്തിലാണ് ഒരു പരിശോധനകളും ഇല്ലാതെ ഇവര്‍ കേരളത്തിലേക്ക് എത്തപ്പെടുന്നത്…
നിരവധി ചോദ്യങ്ങള്‍ വീണ്ടും നമുക്ക് മുന്നിലേക്ക് എടുത്തിടുകയാണ് ആലുവയിലെ കുഞ്ഞിന്‍റെ അതിക്രൂര കൊലപാതകം. മറുപടിക്കായി ഇരുട്ടില്‍ തപ്പുകയാണ് സംസ്ഥാന സര്‍ക്കാരും പൊലീസും. ഓരോ തവണയും ഇതേകുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ വീണ്ടുമൊരു ജിഷയും സൌമ്യയും വിനീതയും ഏറ്റവും ഒടുവില്‍ കുഞ്ഞു ചാന്ദ്നിയും കൊല്ലപ്പെടണോ..
സംസ്ഥാനത്ത് ഇതര സംസ്ഥാനത്തൊഴിലാളികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ കണക്കില്‍ വലിയ വര്‍ദ്ധനവാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. കൊലപാതകശ്രമം, ലഹരികടത്ത്, മോഷണം, പീഡനം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഉള്‍പ്പെടുന്നു.
2016ലെ ജിഷ കൊലക്കേസ് മുതല്‍ കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കെടുത്താല്‍ 159 ഇതര സംസ്ഥാനക്കാര്‍ പ്രതികളായ 118 കൊലപാതകക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ പ്രതി ലൈംഗിക വൈകൃതമുള്ള കൊടുകുറ്റവാളി അസം സ്വദേശി അമറുല്‍ ഇസ്ളാം. 22ല്‍ തിരുവനന്തപുരത്തെ മനോരമ കൊലക്കേസ് പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ള ആദം അലി, തിരുവനന്തപുരത്തെ വിനീത കൊലക്കേസ്, പ്രതിയായ തമിഴ്നാട്ടിലെ പരമ്പര കൊലയാളി രാജേന്ദ്രന്‍.
കോട്ടയം പൂവന്‍ തുരുത്തില്‍ സെക്യൂരിറ്റി ജീവനക്കരനെ കൊലപ്പെടുത്തിയ അസം സ്വദേശി, ഇങ്ങനെ ആയിരക്കണക്കിന് ക്രിമിനലുകളാണ് നമുക്കിടയില്‍ രഹസ്യമായി ശാന്തരായി പതുങ്ങിയിരിക്കുന്നത്.. അവസരം കിട്ടുമ്പോള്‍ തലപൊക്കി ആഞ്ഞുകൊത്തുന്ന കൊടും വിഷപ്പാമ്പുകള്‍. സര്‍ക്കാരിന് ഈ ക്രിമിനലുകളെ കുറിച്ച് വല്യ കണക്കുകളൊന്നും ഇല്ല എന്നത് ഓരോ കേരളീയന്‍റേയും നെഞ്ചിടിപ്പേറ്റുകയാണ്.
സ്വന്തം നാട്ടില്‍ എന്ത് കുറ്റകൃത്യവും നടത്തിയതിന് ശേഷം കേരളത്തില്‍ എത്തി സാധാരണ ജീവിതം നയിക്കാന്‍ ഈ ക്രിമിനലുകള്‍ക്ക് സാധിക്കുന്നു എന്നതാണ് ഇവര്‍ക്ക് ഏറ്റവും അനുകൂല ഘടകം. കുറ്റ കൃത്യങ്ങള്‍ക്ക് മാത്രമായി കേരളത്തില്‍ എത്തുന്നവരും ഉണ്ടാകാം.
നല്ല ശമ്പളം, അയഞ്ഞ സുരക്ഷാ മാനദണ്ഡങ്ങള്‍, ഒറ്റപ്പെട്ട ക്യാമ്പുകള്‍ , ഒരു കൂട്ടം ആളുകള്‍ ഒറ്റയ്ക്കു താമസിക്കുന്ന സാഹചര്യം ഇവയൊക്കെ മനസിലാക്കി ഇങ്ങോട്ടേക്ക് വണ്ടി കയറുന്നവരുമുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് നടത്തിയ ശേഷം സംസ്ഥാനത്തിനു പുറത്തേക്ക് കടന്നാല്‍ പൊലീസിന് ഇവരെ പിടികൂടല്‍ ബുദ്ധിമുട്ടാകുന്നു. തിരിച്ച് ഇവര്‍ സ്വന്തം നാട്ടിലേയ്ക്കെത്തിയാല്‍ ഇവര്‍ അവിടെ നിന്നും സംരക്ഷണം ലഭിക്കുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഇതര സംസ്ഥാനക്കാരുടെ വിവര ശേഖരണത്തിനായി പൊലീസിന് ഇന്‍റര്‍ ഓപ്പറബില്‍ ക്രിമിനല്‍ ജസ്റ്റീസ് സംവിധാനമടക്കമുണ്ടെങ്കിലും അത് ഒട്ടുമേ കാര്യക്ഷമമല്ല. കുറ്റവാളികളായ അന്യസംസ്ഥാനക്കാരെ നിരീക്ഷിക്കാന്‍ സംവിധാനങ്ങളുമില്ല.
നിലവില്‍ ആവാസ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം അഞ്ച് ലക്ഷത്തി പതിനാറായിരം ഇതര സംസ്ഥാനക്കാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതിന്‍റെ ആറിരട്ടിയാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. സിഎംഐഡി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഗോഡ്സ് ഔണ്‍ വര്‍ക്ക് ഫോഴ്സ് എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 30 ലക്ഷത്തിലധികം പേര്‍ ഇവിടെയുണ്ട്.
ഇതില്‍ അഞ്ചില്‍ നാല് ഭാഗവും വരുന്നത് തമിഴ്നാട് , കര്‍ണ്ണാടക, ഒഡീഷ ,ജാര്‍ഖണ്ഡ്, ബീഹാര്‍ ഉത്തര്‍ പ്രദേശ് ബംഗാള്‍ , അസം എന്നിവിടങ്ങളില്‍ നിന്നുമാണ്. ഇവരില്‍ ഭൂരിഭാഗവും ദളിത് വിഭാഗങ്ങളും മത ന്യൂനപക്ഷങ്ങളുമാണ്. സ്വന്തം നാടിനെ അപേക്ഷിച്ച് മെച്ചപ്പെട്ട വേതനവും ജീവിത സാഹചര്യങ്ങളും തേടിയെത്തുന്നവരാണ് ഇവര്‍.
സിഎംഐഡി ഗവേഷകര്‍ നടത്തിയ സര്‍വ്വേയും ഏജന്‍റുമാര്‍ മുഖേന ശേഖരിച്ച വിവരങ്ങളും സംസ്ഥാന തൊഴില്‍ വകുപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളുമാണ് റിപ്പോര്‍ട്ടിന് ആധാരം.
കൂടാതെ കേരളത്തിലെ പ്രളയത്തെ കുറിച്ച് പഠനം നടത്തിയ ഐക്യരാഷ്ട്രസഭയുടെ പോസ്റ്റ് ഡിസാസ്റ്റര് നീഡ്സ് അസെസ്മെന്‍റ് നടത്തിയ പഠന റിപ്പോര്‍ട്ടിലും കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് വിവരങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.
പലപ്പോഴും അന്യ സംസ്ഥാന തൊഴിലാളികളെ കുറിച്ച് കൃത്യമായ പഠനം നടത്തുക ബുദ്ധിമുട്ടാണ് കാരണം ഇവരില്‍ നല്ലൊരു ശതമാനവും താല്ക്കാലിക ഉപജീവനത്തിനായി വരുന്നതിനാല്‍ തന്നെ ഇവരുടെ താമസ സ്ഥലങ്ങള്‍ ഇടയ്ക്കിടെ മാറിക്കൊണ്ടേയിരിക്കും. കേരളത്തില്‍ എത്തുന്ന അന്യ സംസ്ഥാനക്കാര്‍ക്ക് കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാവുക എന്നതാണ് പ്രധാനം.
ആവശ്യമെങ്കില്‍ അവരുടെ നാട്ടില്‍ നിന്ന് പൊലീസ് ക്ലിയറന്‍സ് ലഭ്യമാക്കാനുള്ള നടപടി വേണം. ഫെഡറല്‍ സംവിധാനത്തില്‍ ഇതിനൊക്കെ പരിമിതികളുണ്ടെങ്കിലും കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്തേക്ക് ദശലക്ഷണത്തിന് അന്യ സംസ്ഥാനക്കാര്‍ അനുസ്യൂതം ഒഴുകുമ്പോള്‍ ഇവരുടെ നിയന്ത്രണത്തിന് പുതിയ നിയമങ്ങളും നയങ്ങളും നിര്‍മ്മിക്കേണ്ടത് സംസ്ഥാന -കേന്ദ്ര സര്‍ക്കാരുകള്‍ ബാധ്യസ്ഥമാണ്.
———-
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം