മുഖം മോശമായതിനു കണ്ണാടി കുത്തിപ്പൊട്ടിച്ചിട്ട് എന്തുകാര്യം? ഇതാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് വർഷത്തിലേക്ക് രാജ്യം കടക്കുമ്പോൾ സർവ്വ സാമ്പത്തികമേഖലകളിലും പരാജയത്തിന്റെ കഥകളാണ്. അവ വിജയമാക്കി കഥ തിരുത്തിയെഴുതാൻ ഇന്ത്യയിലെ സ്ഥിതിവിവര കണക്ക് വ്യവസ്ഥതന്നെ പൊളിച്ചെഴുതുകയാണ്. ചില ഉദാഹരണങ്ങൾ ഇതാ:
🔘1881-മുതൽ ഇന്നുവരെ എല്ലാ പത്തുവർഷം കൂടുമ്പോഴും നടക്കാറുള്ള ഇന്ത്യയിലെ കാനേഷുമാരി കണക്ക് 2021-ൽ ഉണ്ടായില്ല. കോവിഡാണു കാരണം. പക്ഷേ, കോവിഡ് മാറിയിട്ടും കാനേഷുമാരി കണക്കെടുപ്പിനുള്ള പരിപാടിയില്ല. 2024-ലെ തെരഞ്ഞെടുപ്പിനു മുമ്പ് അത് ഉണ്ടാവില്ല. കാരണം ഇന്ത്യയിൽ കോവിഡുമൂലം അഞ്ചുലക്ഷം പേരേ മരിച്ചുള്ളൂവെന്നാണ് മോദി പറയുന്നത്. ലോകാരോഗ്യ സംഘടന പറയുന്നത് 50 ലക്ഷം പേർ മരിച്ചൂവെന്നാണ്. ഏതാണ് ശരിയെന്ന് സെൻസസ് കണക്ക് വരുമ്പോൾ കൃത്യമായി അറിയാം. അതുകൊണ്ട് സെൻസസ് വേണ്ട.
🔘2019-ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാണ് 2017-18-ലെ തൊഴിലും തൊഴിലില്ലായ്മയും സർവ്വേ റിപ്പോർട്ട് പുറത്തുവിട്ടത്. കാരണമെന്തെന്നോ? ഇന്ത്യയിൽ 3-4 ശതമാനമായിരുന്ന തൊഴിലില്ലായ്മ മോദിയുടെ കീഴിൽ 6 ശതമാനത്തിലേറെയായി ഉയർന്നു. അതോടെ പഴയ തൊഴിലില്ലായ്മ സർവ്വേ സമ്പ്രദായം അവസാനിപ്പിച്ചു. പകരം മൂന്ന് മാസത്തിലൊരിക്കൽ നടക്കുന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ ആവിഷ്കരിക്കപ്പെട്ടു. ഇതുപ്രകാരം കോവിഡ് കാലത്തുപോലും തൊഴിലില്ലായ്മ കുറഞ്ഞു.
🔘വൈകിയാണെങ്കിലും തൊഴിൽ സർവ്വേയുടെ ഫലങ്ങൾ വെളിപ്പെടുത്താൻ തയ്യാറായി. എന്നാൽ ഉപഭോക്തൃ ചെലവ് സർവ്വേയിൽ അതുമുണ്ടായില്ല. കാരണമെന്തെന്നോ? 2011-12-നും 2017-18-നും ഇടയ്ക്ക് ഗ്രാമീണ ഇന്ത്യയിലെ ഉപഭോഗം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേവലമായി കുറഞ്ഞു. ദാരിദ്ര്യവും ഉയർന്നു. 1980-കളിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം കുറയാൻ തുടങ്ങിയശേഷം ആദ്യമായിട്ടാണ് ദരിദ്രരുടെ എണ്ണം കൂടുന്ന പ്രവണത പ്രത്യക്ഷപ്പെട്ടത്.
🔘അതോടെ മോദി എന്തു ചെയ്തു? ഉപഭോക്തൃ ചെലവിന്റെ അടിസ്ഥാനത്തിൽ ദരിദ്രരുടെ എണ്ണം കണക്കുകൂട്ടുന്ന രീതിതന്നെ ഉപേക്ഷിച്ചു. അതിനു പകരം ഇപ്പോൾ നമ്മൾ കേൾക്കുകു മൾട്ടി ഡയമൻഷണൽ പോവർട്ടി ഇൻഡക്സിനെക്കുറിച്ചാണ്. അതുപ്രകാരം ഇന്ത്യയിലെ ദാരിദ്ര്യം മോദിക്കു കീഴിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
🔘നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ ആണ് ആരോഗ്യ കാര്യങ്ങൾ സംബന്ധിച്ചുള്ള സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുന്നത്. ആറാമത്തെ റൗണ്ട് സർവ്വേയാണ് നടക്കാൻ പോകുന്നത്. ഇതുവരെയുള്ള എല്ലാ സർവ്വേകളിലും സ്ത്രീകളുടെ വിളർച്ചാ രോഗത്തിന്റെ കണക്ക് എടുക്കുമായിരുന്നു. എന്നാൽ ഇത്തവണ അതു വേണ്ടെന്നുവച്ചിരിക്കുകയാണ്. എത്ര ശ്രമിച്ചിട്ടും സ്ത്രീകളുടെ വിളർച്ചാരോഗം കുറയുന്നില്ല. വിളർച്ചയുള്ളവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇത്തവണ ആ കണക്ക് ശേഖരിക്കേണ്ടതില്ലെന്നു തീരുമാനിച്ചിരിക്കുകയാണ് മോദി.
🔘നോട്ട് നിരോധനം പോലുള്ള തെറ്റായ നയങ്ങളുടെ ഫലമായി സാമ്പത്തിക വളർച്ച മന്ദീഭവിച്ചു. ഈ ഇടിവ് മറച്ചുവയ്ക്കാൻ മോദി ചെയ്തതെന്ത്? കണക്ക് കൂട്ടുന്നതിൽ ചില പൊടികൈകൾ പ്രയോഗിച്ച് യുപിഎ സർക്കാരുകളുടെ കാലത്തെ സാമ്പത്തികവളർച്ച താഴ്ത്തി. എൻഡിഎ കാലത്തെ സാമ്പത്തികവളർച്ച ഉയർത്തി. മുൻ സാമ്പത്തിക ഉപദേശകൻ അരവിന്ദ് സുബ്രഹ്മണ്യവും മുൻ റിസർവ്വ് ബാങ്ക് ഗവർണ്ണർ രഘുറാം രാജനും പോലുള്ളവർ കണക്കുകൊണ്ടുള്ള ഈ കള്ളക്കളിയെ വിമർശിച്ചിട്ടുണ്ട്.
🔘ജനങ്ങളുടെ ജീവിതനിലവാരവുമായി ബന്ധപ്പെട്ട ഒരു സുപ്രധാനഘടകം വിലക്കയറ്റമാണ്. റിസർവ്വ് ബാങ്ക് തുടർച്ചയായി പലിശനിരക്ക് ഉയർത്തി വിലക്കയറ്റത്തെ പിടിച്ചുകെട്ടിയെന്ന് അഹങ്കരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് വീണ്ടും ചില്ലറ വില്പനവില തലപൊക്കിയിരിക്കുന്നത്. ജൂലൈ മാസത്തിൽ വീണ്ടും 4.8 ശതമാനമായി ഉയർന്നത്. ഭക്ഷ്യസാധനങ്ങളുടെ വിലയാണ് ഏറ്റവും ഉയർന്നിരിക്കുന്നത്. ഇതോടെ വിലക്കയറ്റ സൂചികയെ മോദി വിദ്വാന്മാർ ചോദ്യം ചെയ്തു.
🔘കഴിഞ്ഞ രണ്ടാഴ്ചയായി മോദിയുടെ സാമ്പത്തിക ഉപദേഷ്ടാക്കൾ മാറിമാറി ഇന്ത്യയുടെ സ്ഥിതിവിവര കണക്ക് സമ്പ്രദായത്തിനെതിരെ ലേഖനങ്ങൾ മാദ്ധ്യമങ്ങളിൽ എഴുതിക്കൊണ്ടിരിക്കുകയാണ്. അതിൽ നിന്ന് ഒരു കാര്യം വ്യക്തമായിരുന്നു. ഇന്ത്യയിലെ സ്ഥിതിവിവര കണക്ക് വ്യവസ്ഥ പൊളിച്ചെഴുതുന്നതിന് എന്തോ നീക്കങ്ങൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നൂവെന്ന്. നാഷണൽ സാമ്പിൾ സർവ്വേയുടെ അടിസ്ഥാനം തന്നെ പൊളിച്ചെഴുതുന്നതിന് ഒരു കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം