പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ നൗഷാദിനെ കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നര വർഷം മുൻപ് ഭാര്യ അഫ്സാനയും സുഹൃത്തുക്കളും മർദിച്ചതിനു പിന്നാലെയാണ് നൗഷാദിനെ കാണാതായതെന്ന് പൊലീസ് പറഞ്ഞു.
കാണാതാകുന്നതിന് മുൻപ് വാടക വീട്ടിൽ വച്ച് നൗഷാദിനെ അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചു. അവശനിലയിലായ നൗഷാദിനെ അവർ അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നു. മരിച്ചെന്നു കരുതിയാകാം നൗഷാദിനെ ഉപേക്ഷിച്ചു പോയതെന്നു പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാന പൊലീസിനു മൊഴി നൽകിയത്. എന്നാൽ അവശനിലയിലായ നൗഷാദ്, പിറ്റേദിവസം രാവിലെ സ്ഥലം വിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
നൗഷാദിനെ കൊന്നുകുഴിച്ചുമൂടിയതായി അഫ്‌സാന നല്‍കിയ മൊഴിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് അഞ്ച് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല. ശുചിമുറിയുടെ മാലിന്യക്കുഴിയുടെ സ്ലാബ് മാറ്റിയും മഴക്കുഴികളിലും ഫൊറൻസിക് സംഘം ഉൾപ്പെടെ പരിശോധിച്ചു. മൃതദേഹം എവിടെ കുഴിച്ചിട്ടു എന്നതു സംബന്ധിച്ചു പരസ്പര വിരുദ്ധമായാണ് മറുപടി നൽകിയത്. തുടർന്ന് ഇന്നു രാവിലെയാണ് നൗഷാദിനെ ഇടുക്കി തൊടുപുഴയിൽനിന്നു കണ്ടെത്തിയത്. ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു നൗഷാദിനെ കണ്ടെത്തിയത്.
നൗഷാദിനെ തൊടുപുഴയിൽനിന്നു കോന്നി കൂടൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എസ്എച്ച്ഒ ജി.പുഷ്പരാജിന്റെ നേതൃത്വത്തിലുള്ള സംഘം നൗഷാദിന്റെ മൊഴിയെടുത്തു. മകൻ നൗഷാദിനെ പൊലീസ് സ്റ്റേഷനിൽ കണ്ടതും മാതാപിതാക്കളായ സെത്തുബീവിയും അഷ്റഫും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. നൗഷാദിനെ കാണാൻ വൻ ജനക്കൂട്ടമാണ് പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത്.
അതേസമയം, അഫ്സാന തന്നെ മര്‍ദിച്ചതില്‍ പരാതിയില്ലന്ന് നൗഷാദ് പറഞ്ഞു. ഭാര്യയോടപ്പം ജീവിക്കാൻ താത്പര്യമില്ല. കുട്ടികളെ വിട്ടു കിട്ടണമെന്നും നൗഷാദ് പറഞ്ഞു. തൊടുപുഴയിലെ ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാനാണ് ആഗ്രഹിക്കുന്നതെന്നും നൗഷാദ് പറഞ്ഞു.
ജീവനില്‍ പേടിച്ചാണ് നാടുവിട്ടു പോയതെന്നാണ് നൗഷാദ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത്. ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകള്‍ തന്നെ മര്‍ദ്ദിച്ചിട്ടുണ്ട്. തന്നെ കൊന്ന് കുഴിച്ചു മൂടിയെന്ന് അഫ്സാന പറഞ്ഞത് എന്തിനെന്ന് അറിയില്ല. പേടിച്ചിട്ടാണ് അവിടെ നിന്നും പോന്നത്. ഇനി വീണ്ടും അങ്ങോട്ടേക്ക് പോകാന്‍ ഭയമുണ്ടെന്നുമായിരുന്നു നൗഷാദ് പറഞ്ഞത്.
2021-ലാണ് നൗഷാദിനെ കാണാതായത്. മകന്‍റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൗഷാദിന്‍റെ പിതാവ് കേസ് നല്‍കിയിരുന്നു. ഈ കേസിന്‍റെ ചോദ്യംചെയ്യലിനിടെ നൗഷാദിന്‍റെ ഭാര്യ അഫ്‌സാന നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നല്‍കിയത്. അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിരവധി ഇടങ്ങളില്‍ നൗഷാദിന്റെ മൃതദേഹത്തിനായി പൊലീസ് പരിശോധനയും നടത്തി.
കഴിഞ്ഞ ഒന്നര വര്‍ഷമായി തൊടുപുഴ തൊമ്മൻകുത്ത് റബര്‍ തോട്ടത്തില്‍ ജോലിക്കാരനായി കഴിയുകയായിരുന്നു നൗഷാദ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം