കൊച്ചി: കഴിഞ്ഞ ദിവസം തമിഴ് സിനിമയിൽ തമിഴ്‌നാട്ടിൽനിന്നുള്ള സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും മാത്രമേ പാടുള്ളൂവെന്നതുൾപ്പെടെ പുതിയ നിബന്ധനകളുമായി ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി) രംഗത്ത് വന്നിരുന്നു. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ സിനിമകളുടെ ചിത്രീകരണം തമിഴ്‌നാട്ടിൽമാത്രം മതിയെന്നും സംഘടന നിബന്ധന വെച്ചിരുന്നു.
ആവശ്യമില്ലാതെ തമിഴ്‌നാടിന് പുറത്തോ വിദേശത്തോ ചിത്രീകരണം നടത്തുന്നതിനെ സംഘടന ശക്തമായി എതിർത്തു. ഒട്ടേറെ തമിഴ് സിനിമകൾ ആലപ്പുഴ, മൂന്നാർ, അതിരപ്പിള്ളി തുടങ്ങി കേരളത്തിലെയും ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലുമൊക്കെ ചിത്രീകരിക്കുന്നുണ്ട്. വിദേശത്തും ഗാനരംഗങ്ങളുടെ ചിത്രീകരണം നടത്തുന്നു. ഇതുമൂലം തമിഴ്‌നാട്ടിൽനിന്നുള്ളവരുടെ തൊഴിലിനു ഭീഷണിയാവുന്നുണ്ടെന്നും സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടിയിരുന്നു
എന്നാൽ ഇപ്പോൻ തമിഴ് സിനിമയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും മാത്രമേ പാടുള്ളൂവെന്ന് ഇവിടെ ആരും തീരുമാനിച്ചിട്ടില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. തമിഴ്സിനിമാ മേഖലയില്‍ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിര്‍ദേശങ്ങള്‍ അഭിനേതാക്കളെയോ സാങ്കേതിക കലാകാരന്മാരെയോ ബാധിക്കില്ലെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി) ഉറപ്പു നല്‍കിയെന്ന് ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.
മലയാളസിനിമാ സാങ്കേതികപ്രവര്‍ത്തകരുടെ ഫെഡറേഷനായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്റെ കത്തിന് ഫെഫ്സി ചെയര്‍മാൻ ആര്‍ കെ സെല്‍വമണി നല്‍കിയ മറുപടിയിലാണ് ആശയ വ്യക്തത വരുന്നത്. നിബന്ധനകൾ ലംഘിച്ചാൽ അച്ചടക്കനടപടി സ്വീകരിക്കുമെന്നും ആര്‍ കെ സെല്‍വമണി അറിയിച്ചിരുന്നു.
ചിത്രീകരണം കൃത്യസമയത്ത് പൂർത്തിയാകുന്നില്ലെങ്കിലോ ബജറ്റ് തുക മറികടന്നാലോ നിർമാതാക്കൾ രേഖാമൂലം സംഘടനയെ അറിയിക്കണമെന്നും നിബന്ധനയിൽ പറയുന്നുണ്ടായിരുന്നു. സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിൽ പ്രശ്നമുണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഫെഫ്‌സിയുടെ നിർദേശത്തിനെതിരേ എതിർപ്പുകൾ വ്യാപകമായിട്ടുണ്ട്. ഇതേത്തുടർന്ന് നിബന്ധനകളിൽ അയവുവരുത്തിയെന്ന് ഭാരവാഹികൾ വാക്കാൽ പറഞ്ഞെങ്കിലും രേഖാമൂലം അറിയിച്ചിട്ടില്ലായിരുന്നു
ഈ തീരുമാനം വ്യാപകമായി തെറ്റിധരിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ഫെഫ്‌സി നല്‍കുന്ന വിശദീകരണത്തിലുള്ളത്. ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്ന് ബി ഉണ്ണികൃഷ്ണനും അറിയിച്ചു. ഇതോടെ മോഹൻലാലിനും മമ്മൂട്ടിക്കും ഫഹദ് ഫാസിലിനും നയൻതാരയ്ക്കും എല്ലാം തമിഴ് സിനിമയില്‍ അഭിനയിക്കാമെന്നാണ് വ്യക്തമാകുന്നത്. സന്തോഷ് ശിവനെ പോലുള്ള മലയാളിക്ക് ക്യാമറ ചെയ്യാനും തടസ്സമില്ല.
സംഘടനകളുടെ യൂണിയനാണ് ഫെഫ്‌സി. പേരിൽ ദക്ഷിണേന്ത്യയെന്നുണ്ടെങ്കിലും ഏറിയപങ്കും തമിഴ്‌നാട്ടിലെ ചലച്ചിത്രപ്രവർത്തകരുടെ കൂട്ടായ്മയാണ് ഫെഫ്‌സി. സംവിധായകൻ ആർ.കെ. സെൽവമണി അധ്യക്ഷനായ സംഘടനയിൽ 25,000-ത്തോളം പേർ അംഗങ്ങളാണ്. നടീനടന്മാരും ഗായകരും സംവിധായകരുമടക്കം കോളിവുഡിൽ നിറഞ്ഞുനിൽക്കുന്ന മലയാളികളുൾപ്പെടെയുള്ള മറ്റു ഭാഷക്കാർ ഒട്ടേറെയാണ്. ഇവരിൽ പലരും സ്ഥിരതാമസമാക്കിയത് ചെന്നൈയിലാണ്..
.